ദുരൂഹ രോഗബാധ: ജിന്ന് ബാധയെന്ന് വിശ്വസിച്ച കൗമാരക്കാരന് തുണയായി അനന്ത് അംബാനി; വിദഗ്ധ ചികിത്സ മുംബൈയിൽ.
പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ 16 വയസ്സുകാരൻ ഇഖ്ബാലിന് തുണയായി അനന്ത് അംബാനി. അപൂർവ രോഗം മൂലം വെള്ളത്തിൽ ജീവിക്കാൻ നിർബന്ധിതനായ കൗമാരക്കാരന് ഇനി വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കും.

മുംബൈ: ശരീരത്തിലെ അസഹനീയമായ പൊള്ളൽ ശമിപ്പിക്കാൻ വർഷങ്ങളായി കുളത്തിലെ വെള്ളത്തിൽ അഭയം തേടിയ പതിനാറുകാരന് തുണയായി അനന്ത് അംബാനി. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ബെൽദംഗ സ്വദേശിയായ ഇഖ്ബാൽ എന്ന കൗമാരക്കാരന്റെ വിദഗ്ദ്ധ ചികിത്സാച്ചെലവ് റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി ഏറ്റെടുത്തു.
അനന്ത് അംബാനിയുടെ നിർദ്ദേശപ്രകാരം മുംബൈയിലെത്തിച്ച ഇഖ്ബാലിനെ സർ എച്ച്.എൻ. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെയുള്ള പ്രത്യേക മെഡിക്കൽ സംഘം കുട്ടിയുടെ രോഗാവസ്ഥ പരിശോധിച്ച് ചികിത്സ ആരംഭിച്ചു.
വെള്ളത്തിന് പുറത്തിറങ്ങിയാൽ ശരീരം മുഴുവൻ അതികഠിനമായി പുകയുന്ന അപൂർവ രോഗാവസ്ഥയാണ് ഇഖ്ബാലിനെ ബാധിച്ചിരിക്കുന്നത്. ഇതുകാരണം ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതുമെല്ലാം കുളത്തിലെ വെള്ളത്തിലിരുന്നായിരുന്നു. ഇഖ്ബാലിന് ‘ജിന്ന്’ അല്ലെങ്കിൽ എന്തോ അദൃശ്യശക്തി ബാധിച്ചതാണെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും കരുതിയിരുന്നത്. കുടുംബത്തിന്റെ കടുത്ത സാമ്പത്തിക പരാധീനതകൾ മൂലം കുട്ടിക്ക് വിദഗ്ദ്ധ ചികിത്സ നൽകാനും സാധിച്ചിരുന്നില്ല.
ഇഖ്ബാൽ വെള്ളത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് കുട്ടിയുടെ ദയനീയാവസ്ഥ പുറംലോകമറിയുന്നത്. തുടർച്ചയായി വെള്ളത്തിൽ കഴിയുന്നത് കുട്ടിയുടെ ആരോഗ്യത്തെ കൂടുതൽ അപകടത്തിലാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് വിവരം ശ്രദ്ധയിൽപ്പെട്ട അനന്ത് അംബാനി ഇഖ്ബാലിന്റെ തുടർചികിത്സ പൂർണ്ണമായും ഏറ്റെടുത്തത്.
