ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മരിച്ചവരിൽ മലയാളിയും, ചികിത്സയിലിരിക്കെയാണ് മരണം

ദുബായ്: ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. കൊട്ടാരക്കര പട്ടാഴി സ്വദേശി ഷിജിൻ പോൾ (27) ആണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് അന്ത്യം.
എട്ടുമാസം മുമ്പാണ് ഷിജിൻ ദുബായിൽ എത്തിയത്. ദുബായിലെ ‘ദി കാർ സൂപ്പർ സ്റ്റോറ്റിൽ’ വീഡിയോ ഗ്രാഫർ ആയി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് (ഓഗസ്റ്റ് 3) ദാരുണമായ അപകടമുണ്ടായത്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടവിവരം ലഭിച്ചയുടൻ രക്ഷാസേന സ്ഥലത്തെത്തി പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കി. ഒരു മണിക്കൂറിനുള്ളിൽ സ്ഥിതിഗതികൾ പൂർണമായി നിയന്ത്രണവിധേയമാക്കാനും പ്രദേശം സുരക്ഷിതമാക്കാനും സാധിച്ചതായി അധികൃതർ വ്യക്തമാക്കി.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും ഊഹാപോഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാജ പ്രചാരണങ്ങളിൽ ഏർപ്പെടുന്നവർക്ക് കനത്ത പിഴ ഈടാക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. വേനൽച്ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ വാതക സിലിണ്ടറുകൾ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ വിദഗ്ദ്ധർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.
