ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം; 12 പേർക്ക് പരിക്ക്, സുരക്ഷിതമായി ലാൻഡ് ചെയ്തു

ന്യൂഡൽഹി: തായ്ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യയുടെ എഐ2379 വിമാനം ആകാശച്ചുഴിയിൽ (Air Pocket) പെട്ട് യാത്രക്കാർക്കും ജീവനക്കാർക്കും പരിക്ക്. രണ്ട് ക്രൂ അംഗങ്ങൾ ഉൾപ്പെടെ 12 പേർക്കാണ് പരിക്കേറ്റത്. 134 യാത്രക്കാരുമായി സർവീസ് നടത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
യാത്രാമധ്യേ ശക്തമായ ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് വിമാനത്തിന് ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു. എങ്കിലും, പ്രതിസന്ധികളെ തരണം ചെയ്ത് വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. വിമാനം ഉയരത്തിൽ പറക്കുന്നതിനിടെ പെട്ടെന്ന് താഴേക്ക് പതിക്കുന്നതുപോലെ അനുഭവപ്പെട്ടതായി യാത്രക്കാർ പറഞ്ഞു. കുലുക്കത്തിൽ ചിലർക്ക് തലയ്ക്കും മറ്റുചിലർക്ക് ശരീരത്തിൽ ചതവുകളും ഏറ്റിട്ടുണ്ട്. ലാൻഡിംഗിന് പിന്നാലെ പരിക്കേറ്റവർക്ക് വിമാനത്താവളത്തിൽ അടിയന്തര വൈദ്യസഹായം ലഭ്യമാക്കി.
