ദില്ലിയിൽ മിന്നൽ സമരവുമായി രാഹുൽ, പെല്ലറ്റ് ഗൺ ഇരയുമായി ഡിസിപി ഓഫിസിൽ, നീതി കിട്ടും വരെ പ്രതിഷേധം തുടരും

ന്യൂഡൽഹി: സിജെപിയുടെ വിദ്യാർത്ഥി സമരത്തിനിടെയുണ്ടായ പൊലീസ് പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്റെ (ഡിസിപി) ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു. ജൂലൈ 20-ന് നടന്ന ‘സൻസദ് ചലോ’ മാർച്ചിനിടെ പെല്ലറ്റ് പ്രയോഗത്തിൽ ഗുരുതരമായി പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിയോടൊപ്പമാണ് രാഹുൽ പരാതി നൽകാനും കേസ് രജിസ്റ്റർ ചെയ്യിക്കാനുമായി നേരിട്ടെത്തിയത്.
ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലാണ് രാഹുൽ ഗാന്ധിയും വിദ്യാർത്ഥിയും എത്തിയത്. എന്നാൽ, അവിടെ കേസ് എടുക്കാൻ പൊലീസ് തയ്യാറാകാതിരുന്നതിനെ തുടർന്നാണ് പാർലമെന്റ് സ്ട്രീറ്റിലുള്ള ഡിസിപി ഓഫീസിലേക്ക് അദ്ദേഹം പ്രതിഷേധം മാറ്റിയത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാതെ പിന്നോട്ടില്ലെന്ന കർശന നിലപാടിലാണ് അദ്ദേഹം.
പൊലീസ് നടപടിയെക്കുറിച്ചുള്ള അന്വേഷണം ഏത് ഘട്ടത്തിലാണെന്നും ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും ഡിസിപി ഓഫീസിലെത്തിയ രാഹുൽ ഗാന്ധി ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. ഉത്തരവാദികളായ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമരക്കാർക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്ന ഡൽഹി പൊലീസിന്റെയും സർക്കാരിന്റെയും വാദങ്ങൾ തള്ളിക്കൊണ്ടാണ് കോൺഗ്രസ് രംഗത്തെത്തിയത്. പെല്ലറ്റ് ആക്രമണത്തിൽ 19 കാരനായ സാഹിൽ ലോചബിന്റെ കാഴ്ചശക്തി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതായി കോൺഗ്രസ് ചൂണ്ടിക്കാട്ടി. ശരീരത്തിൽ നിന്ന് പെല്ലറ്റുകൾ നീക്കം ചെയ്തതിന്റെ മെഡിക്കൽ രേഖകളും പരിക്കേറ്റ വിദ്യാർത്ഥികളെയും മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയാണ് രാഹുൽ ഗാന്ധി സർക്കാരിന്റെയും പൊലീസിന്റെയും അവകാശവാദങ്ങൾ പൊളിച്ചടുക്കിയത്. കുറ്റക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത് വരെ സമരം തുടരാനാണ് തീരുമാനം.
