14 മുഖ്യമന്ത്രിമാർക്കെതിരെ ഗുരുതര ക്രിമിനൽ കേസുകൾ; 89 കേസുകളുമായി രേവന്ത് റെഡ്ഡി ഒന്നാമത്, വി.ഡി. സതീശനെതിരെ 18 കേസുകൾ

ന്യൂഡൽഹി: രാജ്യത്തെ 28 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരിൽ 14 പേർക്കെതിരെയും ഗുരുതരമായ ക്രിമിനൽ കേസുകളുണ്ടെന്ന് അമിക്കസ് ക്യൂറിയും സീനിയർ അഡ്വക്കേറ്റുമായ വിജയ് ഹൻസാരിയ സുപ്രീം കോടതിയെ അറിയിച്ചു. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയാണ് 89 കേസുകളോടെ ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. കേരള മുഖ്യമന്ത്രി വിഡി സതീശനെതിരെ 18 ക്രിമിനൽ കേസുകളാണുള്ളത്. ഇതിൽ ഏഴെണ്ണം ഗുരുതര സ്വഭാവമുള്ളതാണ്. എംപിമാർക്കും എംഎൽഎമാർക്കുമെതിരെയുള്ള ക്രിമിനൽ കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഇക്കാര്യം അറിയിച്ചത്.
പശ്ചിമ ബംഗാളിലെ സുവേന്ദു അധികാരിക്ക് 29 കേസുകളും കർണാടക മുഖ്യമന്ത്രി ഡി ശിവകുമാറിന് 19 കേസുകളും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന് 19 കേസുകളും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് 5 കേസുകളും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസിന് 4 കേസുകളും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ്ങിന് 4 കേസുകളും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിക്ക് 2 കേസുകളും ബിഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്ക് 2 കേസുകളും, പിഎസ് തമാങ് (സിക്കിം), ഭഗവന്ത് മാൻ (പഞ്ചാബ്), മോഹൻ ചരൺ മാഞ്ചി (ഒഡീഷ), ഭജൻ ലാൽ ശർമ്മ (രാജസ്ഥാൻ) എന്നിവർക്ക് ഓരോ കേസ് വീതവുമുണ്ട്.
ഗുരുതരമായ ക്രിമിനൽ കേസുകളുള്ള എംഎൽഎമാരുടെ ഉയർന്ന ശതമാനമുള്ളത് പശ്ചിമ ബംഗാളിലാണ് – 292-ൽ 170 പേർ (58%). ഇതിനുപുറമെ കേരളത്തിൽ 57%, ആന്ധ്രാപ്രദേശിൽ 56%, തെലങ്കാനയിൽ 49%, ജാർഖണ്ഡിലും ഒഡീഷയിലും 45% വീതം, ബിഹാറിൽ 42%, മഹാരാഷ്ട്രയിൽ 40% എന്നിങ്ങനെയാണ് കണക്കുകൾ എന്ന് 96 പേജുള്ള റിപ്പോർട്ടിൽ ഹൻസാരിയ വ്യക്തമാക്കി.
ലോക്സഭയിൽ ആകെയുള്ള 543 എം.പിമാരിൽ 170 പേർക്കും (31%) ഗുരുതരമായ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. തെലങ്കാനയിൽ 17-ൽ 11 എംപിമാരും, കേരളത്തിൽ 11 എംപിമാരും, ബിഹാറിൽ 40-ൽ 19 എംപിമാരും, ഉത്തർപ്രദേശിൽ 80-ൽ 34 എംപിമാരും, മഹാരാഷ്ട്രയിൽ 48-ൽ 17 എംപിമാരും, ബംഗാളിൽ 42-ൽ 16 എം.പിമാരും, ആന്ധ്രാപ്രദേശിൽ 25-ൽ 9 എം.പിമാരും ഗുരുതരമായ ക്രിമിനൽ കേസുകൾ നേരിടുന്നുണ്ട്.
2026 ജൂലൈയിലെ കണക്കുപ്രകാരം, നിലവിലുള്ളതും മുൻകാലങ്ങളിലെതുമായ എംപിമാർക്കും എംഎൽഎമാർക്കുമെതിരെ വിചാരണ ഘട്ടത്തിലുള്ളത് 4,192 ക്രിമിനൽ കേസുകളാണെന്ന് ഹൻസാരിയ പറഞ്ഞു. ഇതിൽ 1,171 കേസുകൾ നിലവിലുള്ള ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ ഉള്ളത്. രാജ്യസഭയിലാകട്ടെ, 233 അംഗങ്ങളിൽ 75 പേർക്കും (33%) ക്രിമിനൽ കേസുകളുണ്ട്. ഇതിൽ 40 കേസുകൾ (18%) അഞ്ച് വർഷമോ അതിൽ കൂടുതലോ തടവ് ലഭിക്കാവുന്ന ഗുരുതരമായ ക്രിമിനൽ കേസുകളാണെന്ന് അഡ്വക്കേറ്റ് സ്നേഹ കളിത വഴി സമർപ്പിച്ച അമിക്കസ് ക്യൂറി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
