ഡോ. റാമിന്റെ് അറസ്റ്റിലെ വീഴ്ച; ഡിവൈഎസ്പി സുധീർ കല്ലന് സസ്പെൻഷന്

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഡോ. റാമിന്റെ അറസ്റ്റിൽ വീഴ്ച വരുത്തിയ കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഹൈക്കോടതിയുടെ കടുത്ത വിമർശനത്തിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി.
സുധീർ കല്ലൻ ഇപ്പോഴും സർവീസിൽ തുടരുന്നത് ആഭ്യന്തര വകുപ്പിന്റെ ഗുരുതര പരാജയമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സർക്കാരിന്റെ ഇരട്ടത്താപ്പിനെയും കോടതി രൂക്ഷമായി വിമർശിച്ചു. സവർക്കറെക്കുറിച്ച് ചോദ്യം തയ്യാറാക്കിയ അധ്യാപകനെയും തിരുവനന്തപുരം കോർപ്പറേഷനിൽ കത്ത് നൽകിയ ഉദ്യോഗസ്ഥയെയും ഉടനടി സസ്പെൻഡ് ചെയ്ത സർക്കാറും ആഭ്യന്തര വകുപ്പും, വിജിലൻസിൽ പരാതി നിലനിൽക്കെ എം.ആർ. അജിത് കുമാറിന് പ്രമോഷൻ നൽകിയ കാര്യവും കോടതി ഓർമ്മിപ്പിച്ചു.
മറ്റു കേസുകളിലൊന്നും നടപടിയെടുക്കാൻ തടസ്സമാകാത്ത ചട്ടങ്ങൾ ഈ കേസിൽ ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തടസ്സമായി പറയുകയാണെന്ന് വിമർശിച്ച കോടതി, വിഷയം കൂടുതൽ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സുധീർ കല്ലനെതിരെ സസ്പെൻഷൻ ഉത്തരവിറങ്ങിയത്
