ജന്തർമന്തറിൽ ഫേഷ്യൽ റെക്കഗ്നിഷൻ ഉപയോഗിച്ച് ഡൽഹി പോലീസ്; ഡേറ്റാബേസ് എവിടെ നിന്നെന്ന് തൃണമൂൽ കോൺഗ്രസ്.

ന്യൂഡൽഹി: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ (FRT) ഉപയോഗിച്ച സംഭവത്തിൽ ഡൽഹി പോലീസിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ്. ഇതിനായി ഉപയോഗിച്ച പൗരന്മാരുടെ ഡാറ്റാബേസിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് തൃണമൂൽ കോൺഗ്രസ് എം.പി സാകേത് ഗോഖലെ ആവശ്യപ്പെട്ടു.
പ്രതിഷേധങ്ങൾക്കിടെ ഫേഷ്യൽ റെക്കഗ്നിഷൻ ഉപയോഗിച്ചതായി ഡൽഹി പോലീസ് സുപ്രീം കോടതിയിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് വിവാദം ശക്തമായത്. ഒരാളെ തിരിച്ചറിയാൻ പൗരന്മാരുടെ ഫോട്ടോകളും വിശദാംശങ്ങളുമടങ്ങുന്ന വലിയൊരു വിവരശേഖരം ആവശ്യമാണെന്നും ഈ ഡാറ്റ ഡൽഹി പോലീസിന് എവിടെ നിന്നാണ് ലഭിച്ചതെന്നും സാകേത് ഗോഖലെ ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ ചോദിച്ചു. വോട്ടർപട്ടികയിലെ വിവരങ്ങൾ ഡൽഹി പോലീസിന് കൈമാറിയെന്ന 2020-ലെ വിവരാവകാശ രേഖകളെ ഉദ്ധരിച്ച അദ്ദേഹം, വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, ആരോപണങ്ങൾ ഡൽഹി പോലീസ് തള്ളി. കുറ്റവാളികളെയും സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും തിരിച്ചറിയാൻ മാത്രമാണ് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചതെന്നും സാധാരണ പ്രതിഷേധക്കാരെ നിരീക്ഷിക്കാനല്ലെന്നും പോലീസ് വിശദീകരിച്ചു. ക്രമസമാധാന പരിപാലനത്തിന്റെ ഭാഗമായി വലിയ ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കാൻ വർഷങ്ങളായി ഈ സംവിധാനം ഉപയോഗിച്ചുവരുന്നുണ്ടെന്നും ഇത് ക്രിമിനൽ ഡാറ്റാബേസുകളുമായി മാത്രമാണ് ബന്ധിപ്പിച്ചിട്ടുള്ളതെന്നും പോലീസ് അറിയിച്ചു.
പ്രതിഷേധ സ്ഥലങ്ങളിൽ ഫേഷ്യൽ റെക്കഗ്നിഷനും മറ്റ് ബയോമെട്രിക് നിരീക്ഷണങ്ങളും ഏർപ്പെടുത്തുന്നത് സ്വകാര്യത, അഭിപ്രായ സ്വാതന്ത്ര്യം, സമാധാനപരമായി ഒത്തുകൂടാനുള്ള അവകാശം എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജികൾ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കൃത്യമായ നിയമനിർമ്മാണമില്ലാതെ ഇത്തരം എ.ഐ നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
