ചിത്രീകരണത്തിനിടയില്‍ അബദ്ധത്തില്‍ മൂക്കുത്തി വിഴുങ്ങി നടി ഷെഹ്നാസ് ഗില്‍; വീഡിയോ

ചണ്ഡീഗഢ്: സിനിമാ ചിത്രീകരണത്തിനിടെ പ്രമുഖ പഞ്ചാബി നടിയും ഗായികയുമായ ഷെഹ്നാസ് ഗിൽ അബദ്ധത്തിൽ മൂക്കുത്തി വിഴുങ്ങി. അരവിന്ദ് ഖൈറ സംവിധാനം ചെയ്യുന്ന പുതിയ പഞ്ചാബി ചിത്രമായ ‘ഇഷ്ഖ്നാമ’യുടെ സെറ്റിൽ വെച്ചായിരുന്നു അപകടം.
സെറ്റിലൂടെ ഓടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ മൂക്കുത്തി വായിലേക്ക് വീഴുകയായിരുന്നു. എന്തോ വിഴുങ്ങിയതായി തോന്നിയതിനെ തുടർന്ന് താരം കഠിനമായി ചുമച്ചു. ഈ സമയം ഒപ്പമുണ്ടായിരുന്ന സഹനടൻ സൗരഭ് സച്ച്ദേവ് പുറത്തുതട്ടി പ്രാഥമിക സഹായം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിന് ശേഷം തനിക്കുണ്ടായ ബുദ്ധിമുട്ടുകൾ വ്യക്തമാക്കുന്ന വീഡിയോ ഷെഹ്നാസ് തന്നെ സ്വന്തം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കുകയായിരുന്നു.
വീഡിയോ പ്രചരിച്ചതോടെ നിരവധി ആരാധകരാണ് താരത്തിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്. അതേസമയം, ഷെഹ്നാസിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് വിവരങ്ങൾ. ജോലിയോടുള്ള താരത്തിന്റെ സമർപ്പണത്തെയും കഠിനാധ്വാനത്തെയും പ്രശംസിക്കുന്നതിനോടൊപ്പം ആരോഗ്യം ശ്രദ്ധിക്കണമെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഷെഹ്നാസ് ഗില്ലും ജയ് രൺധാവയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഇഷ്ഖ്നാമ’ അതിർത്തി കടന്നുള്ള പ്രണയകഥയാണ് പറയുന്നത്. ഇന്ത്യൻ പഞ്ചാബിൽ നിന്നുള്ള നിമ്മ എന്ന സിഖ് കവിയും പാകിസ്താൻ പഞ്ചാബിൽ നിന്നുള്ള നസീമ എന്ന മുസ്ലിം പെൺകുട്ടിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേഹം. സൗരഭ് സച്ച്ദേവ, അഞ്ജും ബത്ര, മഹൻബീർ ഭുള്ളർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
