ചാലിയാർ പുഴയുടെ കൈവഴിയിൽ വിഷം പ്രയോഗിച്ച് മീൻപിടുത്തം; മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങി.

കോഴിക്കോട്: രാമനാട്ടുകര മുട്ടിയറയിൽ ചാലിയാറിന്റെ കൈവഴിയിൽ വിഷം കലക്കി മീൻപിടിക്കാൻ ശ്രമം. പുഴയിലെ മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇന്ന് രാവിലെ മൂന്നംഗ സംഘമാണ് പുഴയിൽ വിഷം പ്രയോഗിച്ചത്. എന്നാൽ നാട്ടുകാർ ശ്രദ്ധയിൽപ്പെട്ടതോടെ സംഘം വലയും ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
ഇവർ എത്തിയ ഓട്ടോറിക്ഷയും വിഷക്കുപ്പികളും സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രദേശവാസികൾ കുടിവെള്ളത്തിനും മറ്റ് ഗാർഹിക ആവശ്യങ്ങൾക്കും ആശ്രയിക്കുന്ന ജലാശയത്തിലാണ് സാമൂഹ്യവിരുദ്ധർ വിഷം കലക്കിയത്. നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി.
