ക്രിക്കറ്റ് മതിയാക്കി ദിവസങ്ങൾക്കുള്ളിൽ വൻ സർപ്രൈസ്; വിദേശ ലീഗിൽ കളിക്കാൻ കരാറൊപ്പിട്ട് അജിങ്ക്യ രഹാനെ

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ദിവസങ്ങൾക്കകം പുതിയൊരു പോരാട്ടത്തിനൊരുങ്ങി മുൻ ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെ. യൂറോപ്യൻ ടി20 പ്രീമിയർ ലീഗിന്റെ കന്നി സീസണിൽ നെതർലൻഡ്സ് ആസ്ഥാനമായുള്ള ആംസ്റ്റർഡാം ഫ്ലെയിംസ് നിരയിലാണ് താരം പാഡ് കെട്ടുക. ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം സ്റ്റീവ് വോ, ബോളിവുഡ് താരം അഭിഷേക് ബച്ചൻ എന്നിവരുടെ സഹഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയാണിത്.
38 കാരനായ രഹാനെ കഴിഞ്ഞ ആഴ്ചയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 190 ലധികം പോരാട്ടങ്ങളിൽ ജേഴ്സിയണിഞ്ഞ താരത്തിന്റെ സാന്നിധ്യം യൂറോപ്പിൽ ക്രിക്കറ്റിന് വൻ ജനപ്രീതി നൽകുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ.
കളിച്ച കളിയോട് തിരികെ കടപ്പാട് കാട്ടുകയെന്നത് ഓരോ കായികതാരത്തിന്റെയും ഉത്തരവാദിത്തമാണെന്ന് കരാറൊപ്പിട്ട ശേഷം രഹാനെ പ്രതികരിച്ചു. വളർന്നുവരുന്ന യൂറോപ്യൻ ക്രിക്കറ്റ് അന്തരീക്ഷത്തിൽ മൈതാനത്തിനകത്തും പുറത്തും കൃത്യമായ സ്വാധീനമുണ്ടാക്കാൻ ശ്രമിക്കുന്ന ആംസ്റ്റർഡാം ഫ്ലെയിംസിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ഒരു പ്രൊഫഷണൽ താരത്തിന് വേണ്ട എല്ലാ മികവും തികഞ്ഞ കളിക്കാരനാണ് രഹാനെയെന്ന് സ്റ്റീവ് വോ വിശേഷിപ്പിച്ചു. സമ്മർദ്ദഘട്ടങ്ങളിൽ ശാന്തനായി ടീമിനെ നയിക്കാനുള്ള അദ്ദേഹത്തിന്റെ ശേഷിയും അനുഭവസമ്പത്തും ഫ്രാഞ്ചൈസിക്ക് വലിയ കരുത്താകും. രഹാനെയുടെ വരവ് ലീഗിന്റെ ആവേശം കൂട്ടുമെന്നും യൂറോപ്പിലെ വളർന്നുവരുന്ന ക്രിക്കറ്റ് പ്രതിഭകൾക്ക് ഇത് വലിയ പ്രചോദനമാകുമെന്നും അഭിഷേക് ബച്ചൻ അഭിപ്രായപ്പെട്ടു.
താരങ്ങളുടെ പരുക്കുമൂലം വലഞ്ഞ 2020-21 ലെ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയെ 2-1 ന്റെ ചരിത്ര വിജയത്തിലേക്ക് നയിച്ച നായകനാണ് രഹാനെ. യൂറോപ്യൻ മണ്ണിലും ആ അനുഭവസമ്പത്ത് വെച്ച് താരം തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
