കുവൈത്തിൽ അനധികൃത ഗർഭച്ഛിദ്രം; രഹസ്യാന്വേഷണത്തിൽ ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ

കുവൈത്ത് സിറ്റി: രാജ്യത്ത് അനധികൃതമായി ഗർഭച്ഛിദ്രം നടത്തുകയും നിരോധിത ഗുളികകൾ പണം വാങ്ങി വിതരണം ചെയ്യുകയും ചെയ്ത ഈജിപ്ഷ്യൻ ഗൈനക്കോളജിസ്റ്റിനെ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു.
സ്വകാര്യ ക്ലിനിക്ക് കേന്ദ്രീകരിച്ച് നിയമവിരുദ്ധ ഗർഭച്ഛിദ്രം നടക്കുന്നുണ്ടെന്നും ഇതിനായി നേരിട്ടും ബാങ്ക് അക്കൗണ്ട് വഴിയും പണം ഈടാക്കുന്നുണ്ടെന്നുമുള്ള രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടർ വലയിലായത്. വിവരം സ്ഥിരീകരിച്ചതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ രോഗികളെന്ന വ്യാജേന ഡോക്ടറെ സമീപിക്കുകയായിരുന്നു. ഗർഭച്ഛിദ്ര ഗുളികകൾ ആവശ്യപ്പെട്ട് ക്ലിനിക്കിലെത്തി കൂടിക്കാഴ്ച നടത്തുന്നതിനിടെ മുൻകൂട്ടി നേടിയ പബ്ലിക് പ്രോസിക്യൂഷൻ അനുമതിയോടെയാണ് റെയ്ഡ് നടത്തിയത്.
പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ തുടർപരിശോധനയിൽ 49 ഗർഭച്ഛിദ്ര ഗുളികകളും 115 സൈക്കോട്രോപിക് ഗുളികകളും കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തു. ഗർഭച്ഛിദ്ര ഗുളികകൾ വിദേശത്ത് നിന്ന് നിയമവിരുദ്ധമായി രാജ്യത്തേക്ക് കടത്തിയതാണെന്നും അനധികൃതമായി ഗർഭച്ഛിദ്രം നടത്തിയിരുന്നതായും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പിടിച്ചെടുത്ത മരുന്നുകളും പ്രതിയെയും തുടരന്വേഷണത്തിനും നിയമനടപടികൾക്കുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. വൈദ്യശാസ്ത്ര രംഗത്തെ ദുരുപയോഗം ചെയ്ത് അനധികൃത സാമ്പത്തിക നേട്ടത്തിന് ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും ഇത്തരം പ്രവൃത്തികൾ കടുത്ത നിയമലംഘനവും സാമൂഹിക സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
