‘ഓപ്പറേഷൻ തൂഫാനിൽ രാഷ്ട്രീയമില്ല’; മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ കൈകോർക്കണമെന്ന് രമേശ് ചെന്നിത്തല

തൃശൂർ: സംസ്ഥാന സർക്കാറിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പോരാട്ടത്തിൽ രാഷ്ട്രീയമോ ജാതി-മത പരിഗണനകളോ ഇല്ലെന്നും ഇതിൽ എല്ലാവരും ഒറ്റക്കെട്ടായി കൈകോർക്കണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ നഗറിൽ ‘തകൃതോണം’ കൊടുങ്ങല്ലൂർ ഓണം മെഗാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതുതലമുറയെ മരണത്തിന്റെ വ്യാപാരികളിൽനിന്ന് സംരക്ഷിക്കാനുള്ള വലിയ പോരാട്ടമാണ് സർക്കാർ നടത്തുന്നത്. രാസലഹരിയുടെ കരാളഹസ്തങ്ങളിൽ അകപ്പെട്ടാൽ രക്ഷപ്പെടുക പ്രയാസമാണ്. അതുകൊണ്ടുതന്നെ പദ്ധതിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് കുടുംബങ്ങളിലെ പ്രയാസങ്ങൾ അടുത്തറിയുന്ന അമ്മമാരും സഹോദരിമാരുമാണെന്ന് മന്ത്രി പറഞ്ഞു.
കേവലം 76 ദിവസത്തിനകം 10,000ത്തിലേറെ പേരെ അറസ്റ്റ് ചെയ്യുകയും 9,000ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. നൂറിലേറെ മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതിനൊപ്പം നിരവധി കുറ്റവാളികൾക്കെതിരെ ‘കാപ്പ’ ചുമത്തുകയും ചെയ്തു. ഇത്തവണത്തെ ഓണം ‘തൂഫാൻ ഓണം’ ആയി ലഹരിവിരുദ്ധ സന്ദേശമുയർത്തി ആഘോഷിക്കുമെന്നും എല്ലാവർക്കും സന്തോഷത്തോടെ ആഘോഷിക്കാനുള്ള സൗകര്യങ്ങൾ സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
