ഓണം കഴിഞ്ഞാല്‍ തിയറ്ററില്‍ ദുല്‍ഖര്‍; ‘ഐ ആം ഗെയിം’ പുതിയ പോസ്റ്റര്‍ എത്തി

കൊച്ചി: നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ‘ഐ ആം ഗെയിം’ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആദ്യം ഓഗസ്റ്റ് 20 ഓണം റിലീസായി പ്രഖ്യാപിച്ചിരുന്ന ചിത്രം സെപ്റ്റംബർ 3-നാണ് പുതിയ തീയതിയിൽ തിയറ്ററുകളിലെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ-ഇന്ത്യൻ തലത്തിലാണ് റിലീസ്. ദുൽഖർ സൽമാന്റെ 40-ാമത് ചിത്രമായ ഇത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമിക്കുന്ന ചിത്രം സൂപ്പർഹിറ്റായ ‘ലോക’യ്ക്ക് ശേഷമാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൽ ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്നു. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ തിരക്കഥ എഴുതിയ ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതവും അൻപറിവ് സംഘട്ടനവും ഒരുക്കുന്നു. അത്യന്തം സ്റ്റൈലിഷ് ലുക്കിൽ മാസ്സ് കഥാപാത്രമായാണ് ദുൽഖർ ചിത്രത്തിലെത്തുന്നത്.
