ഓണം ആഘോഷമാക്കാൻ മാസ് ആക്ഷൻ ഫാമിലി എന്റെർറ്റൈനെർ ; കൂടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവും; “ഖലീഫ ദി ലെഗസി” തുടരും

കൊച്ചി: ഓണം റിലീസായെത്തിയ പൃഥ്വിരാജ് – വൈശാഖ് ചിത്രം ‘ഖലീഫ’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. ആദ്യ ദിനം മുതൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയുടെ വൻ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗമായ ‘ഖലീഫ ദി ലെഗസി’യും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു. റിലീസ് ദിനത്തിൽ വൈകുന്നേരമാണ് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടായത്.
പൃഥ്വിരാജിന്റെ ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും വൈശാഖിന്റെ മാസ് മേക്കിങ് ശൈലിയുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. മോഹൻലാലിന്റെ സർപ്രൈസ് അതിഥി വേഷവും തിയേറ്ററുകളിൽ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. ജേക്സ് ബിജോയിയുടെ സംഗീതവും ജോമോൻ ടി. ജോണിന്റെ ക്യാമറയും ചമൻ ചാക്കോയുടെ എഡിറ്റിങ്ങും ചിത്രത്തിന് കരുത്തേകുന്നു.
ചതിയുടെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രം മാമ്പറത്ത് അമീർ അലിയുടെ പോരാട്ടത്തിന്റെ കഥയാണ് പ്രമേയമാക്കുന്നത്. സുഹൃത്തായ സമദ് അമീർ അലിയെ കസ്റ്റംസിന് ഒറ്റിക്കൊടുക്കുന്നതിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ഇന്ത്യയിൽ കോഫെപോസ (COFEPOSA) നിയമത്തിന് കാരണക്കാരനായ സ്വർണക്കള്ളക്കടത്തുകാരൻ മാമ്പറത്ത് അഹമ്മദ് അലിയുടെ പിൻതലമുറക്കാരുടെ കഥ പറയുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന അമീർ അലി, പിന്നീട് കുടുംബത്തിന് വേണ്ടി നടത്തുന്ന തിരിച്ചുവരവാണ് പ്രമേയം.
ജിനു എബ്രഹാം തിരക്കഥയെഴുതി ജിനു ഇന്നൊവേഷൻസിന്റെ ബാനറിൽ നിർമിച്ച ചിത്രത്തിൽ മാളവിക ശർമ്മ, നീൽ നിതിൻ മുകേഷ്, രഞ്ജി പണിക്കർ, സഞ്ജു ശിവറാം, ഇന്ദ്രൻസ്, ഷമ്മി തിലകൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്. യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ എന്നിവരാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഒന്നാം ഭാഗം വൻ വിജയമായതോടെ സോഷ്യൽ മീഡിയയിൽ ‘ഖലീഫ ദി ലെഗസി’യെക്കുറിച്ചുള്ള ചർച്ചകളും സജീവമായിട്ടുണ്ട്.
