ഏഷ്യൻ ഗെയിംസ്: ക്വാര്‍ട്ടറിലോ സെമിയിലോ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടമുണ്ടാകില്ല, രണ്ട് സാധ്യതകള്‍ മാത്രം മുന്നില്‍

ടോക്കിയോ: ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് മത്സരക്രമം പുറത്തുവിട്ടതോടെ, ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന് കേവലം രണ്ട് സാധ്യതകൾ മാത്രം. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിലോ ക്വാർട്ടറിലോ സെമിയിലോ ഇരുടീമുകളും ഏറ്റുമുട്ടില്ല. ഇരുടീമുകളും ക്വാർട്ടറും സെമിയും കടന്നാൽ സ്വർണമെഡൽ പോരാട്ടത്തിലും, സെമിയിൽ പരാജയപ്പെട്ടാൽ വെങ്കല മെഡൽ പ്ലേ-ഓഫിലും മാത്രമേ മുഖാമുഖം വരൂ.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പുരുഷ-വനിതാ വിഭാഗങ്ങളിൽ ശക്തമായ നിരയുമായാണ് പോരിനിറങ്ങുന്നത്. വനിതകളുടെ മത്സരങ്ങൾ സെപ്റ്റംബർ 17-നും പുരുഷന്മാരുടേത് 24-നും ആരംഭിക്കും. റാങ്കിങ് അടിസ്ഥാനമാക്കി ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകൾ പുരുഷ വിഭാഗത്തിൽ നേരിട്ട് ക്വാർട്ടറിലെത്തി. ശ്രേയസ് അയ്യർ നയിക്കുന്ന 15 അംഗ ഇന്ത്യൻ ടീമിൽ യുവതാരം വൈഭവ് സൂര്യവംശിയും ഉൾപ്പെടുന്നു. തിലക് വർമ്മയാണ് വൈസ് ക്യാപ്റ്റൻ. ഹർമൻപ്രീത് കൗർ നയിക്കുന്ന വനിതാ ടീം ക്വാർട്ടറിൽ ജപ്പാനെ നേരിടുമ്പോൾ, പാകിസ്താന്റെ എതിരാളികൾ തായ്ലൻഡാണ്. ജപ്പാനെ മറികടന്നാൽ ബംഗ്ലാദേശോ ചൈനയോ ആകും സെമിയിൽ ഇന്ത്യയുടെ എതിരാളികൾ.
