എഫ്സിആർഎ ബിൽ ജെപിസിക്ക് വിട്ട് ലോക്സഭ; എതിർത്ത് പ്രതിപക്ഷം, ന്യൂനപക്ഷവിരുദ്ധമല്ലെന്ന് കിരൺ റിജിജു

ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി (എഫ്.സി.ആർ.എ) ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെ.പി.സി) വിടാനുള്ള പ്രമേയം ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അവതരിപ്പിച്ച പ്രമേയം സഭ പാസാക്കിയത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭാ നടപടികൾ ഉച്ചയ്ക്ക് ശേഷം മൂന്ന് മണി വരെ നിർത്തിവെച്ചു.
ബിൽ ക്രിസ്ത്യൻ സംഘടനകളെ പ്രത്യേകമായി ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രമേയത്തെ എതിർത്തുകൊണ്ട് കെ.സി. വേണുഗോപാൽ എം.പി ആരോപിച്ചു. കാര്യാപദേശക സമിതിയിൽ (ബി.എ.സി) തന്നെ ബില്ലിനോടുള്ള എതിർപ്പ് വ്യക്തമാക്കിയിരുന്നതാണ്. ആർ.എസ്.എസ് അടക്കമുള്ള സംഘടനകൾ വിദേശ സംഭാവനകൾ സ്വീകരിക്കുന്നുണ്ടെങ്കിലും അവരെ ഒഴിവാക്കിക്കൊണ്ടാണ് കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടുവരുന്നതെന്നും അദ്ദേഹം വിമർശിച്ചു.
എന്നാൽ ബിൽ ജെ.പി.സിക്ക് വിടണമെന്ന് ഇത്രയും നാൾ ആവശ്യപ്പെട്ടത് പ്രതിപക്ഷം തന്നെയാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു മറുപടി നൽകി. ബില്ലിലെ ഒരു വ്യവസ്ഥയും ന്യൂനപക്ഷങ്ങൾക്ക് വിരുദ്ധമല്ലെന്നും അവരുടെ ക്ഷേമം മാത്രമാണ് സർക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി അവകാശപ്പെട്ടു. ഒരു സ്ഥാപനത്തെയും ബിൽ ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിയുടെ മറുപടിക്കു പിന്നാലെ സഭയിൽ പ്രതിപക്ഷം ബഹളം വെച്ചെങ്കിലും ബിൽ ജെ.പി.സിക്ക് വിട്ടുകൊണ്ടുള്ള പ്രമേയം സ്പീക്കർ പാസാക്കുകയായിരുന്നു.
