പുന്നത്തൂർ ആനക്കോട്ടയിലെ ആനകളുടെ സംരക്ഷണം; 11 നിർദേശങ്ങളുമായി ഹൈക്കോടതി

ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള പുന്നത്തൂർ ആനക്കോട്ടയിലെ ആനകളുടെ സംരക്ഷണത്തിനും ആരോഗ്യപരിപാലനത്തിനും കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ആനക്കോട്ടയിലെ മോശം സാഹചര്യങ്ങളും ദേവസ്വം മാനേജിംഗ് കമ്മിറ്റിയുടെ വീഴ്ചകളും ചൂണ്ടിക്കാട്ടി മൃഗസംരക്ഷണ പ്രവർത്തക സംഗീത അയ്യരും സൊസൈറ്റി ഫോർ എലഫന്റ് വെൽഫെയറും നൽകിയ ഹർജികളിലാണ് ജസ്റ്റിസുമാരായ വി. രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി.
ഗുണനിലവാരമുള്ള ഭക്ഷണവും ശുദ്ധജലവും ഉറപ്പാക്കുക, വനംവകുപ്പിന്റെ ‘മോഡൽ ഫീഡിംഗ് ഷെഡ്യൂൾ’ നടപ്പാക്കുക, ആർ.ഒ പ്ലാന്റ് കാര്യക്ഷമമാക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ. ജലാശയങ്ങളിലെ മാലിന്യം നീക്കാനും ഹോസ് പൈപ്പ് കുളി അവസാനിപ്പിച്ച് ആഴ്ചയിലൊരിക്കൽ ഒഴുക്കുള്ള വെള്ളത്തിൽ കുളിപ്പിക്കാനും കോടതി ഉത്തരവിട്ടു. തളയ്ക്കുന്ന സ്ഥലങ്ങൾ നിരപ്പായ മൺതറയാക്കി മാറ്റുകയും ഇടയ്ക്കിടെ സ്ഥലം മാറ്റുകയും വേണം. ദിവസവും 4-5 കിലോമീറ്റർ നടത്തം, മൺകുളി, കൂടുതൽ വെറ്ററിനറി ഡോക്ടർമാരുടെ സേവനം, പോർട്ടബിൾ എക്സ്-റേ അടക്കമുള്ള ആധുനിക ചികിത്സാ ഉപകരണങ്ങൾ എന്നിവയും ഉറപ്പാക്കണം. കൂടാതെ, ക്രൂരതകൾ തടയാൻ 40 ദിവസത്തെ ബാക്കപ്പോടെ സി.സി.ടി.വി നിരീക്ഷണം ഏർപ്പെടുത്താനും വിവിധ രജിസ്റ്ററുകൾ കൃത്യമായി പരിപാലിക്കാനും ഹൈക്കോടതി ദേവസ്വം മാനേജിംഗ് കമ്മിറ്റിയോട് നിർദേശിച്ചു.
