‘എന്റെ പൂർവ്വികരിൽ അടിമകളും അടിമ ഉടമകളും ഉണ്ടായിരുന്നു’: കുടുംബ ചരിത്രം വെളിപ്പെടുത്തി മാർപ്പാപ്പ

തന്റെ കുടുംബത്തിന്റെ വംശാവലിയെക്കുറിച്ചും അമേരിക്കയിലെ അടിമത്ത ചരിത്രവുമായുള്ള കുടുംബബന്ധത്തെക്കുറിച്ചും തുറന്നുപറഞ്ഞ് ലിയോ പതിനാലാമൻ മാർപാപ്പ. അമ്മയുടെ വഴിയിലുള്ള പൂർവികരിൽ അടിമകളായിരുന്നവരും അതേപോലെ അടിമ ഉടമകളായിരുന്നവരും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
മാർപാപ്പയുടെ വേനൽക്കാല വസതിയായ കാസ്റ്റൽ ഗാൻഡോൾഫോയിലെ ‘ബോർഗോ ലൗദാത്തോ സി’ പരിസ്ഥിതി കേന്ദ്രത്തിൽ നടന്ന സംഗീതച്ചടങ്ങിന് ശേഷം എൻ.ബി.സി (NBC) ലേഖകൻ ടോം ലാമാസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് 70-കാരനായ മാർപാപ്പ തന്റെ കുടുംബ പശ്ചാത്തലം വ്യക്തമാക്കിയത്. പ്രശസ്ത ഗായകൻ ബോച്ചെല്ലിയും 164 കുട്ടികളും അണിനിരന്നതായിരുന്നു സംഗീത പരിപാടി.
കുടിയേറ്റക്കാരും അടിമകളും ഉടമകളും
ചിക്കാഗോയിൽ ജനിച്ച് വളർന്ന വ്യക്തി എന്ന നിലയിൽ അമേരിക്കൻ പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹം കുടുംബചരിത്രം പങ്കുവെച്ചത്. “എന്റെ മുത്തശ്ശന്മാരും മുത്തശ്ശിമാരും അമേരിക്കയിലേക്ക് കുടിയേറിയവരായിരുന്നു. അമ്മയുടെ കുടുംബ ചരിത്രം പരിശോധിച്ചാൽ അടിമകളായിരുന്നവരും അവരുടെ ഉടമകളായിരുന്നവരും അതിലുണ്ടായിരുന്നുവെന്ന് കാണാം. വൈവിധ്യമാർന്ന ഇത്തരം ഒരു പശ്ചാത്തലത്തിൽ വളർന്നുവന്ന അനുഭവമാണ് അമേരിക്കൻ ജീവിതം എനിക്ക് നൽകിയ വലിയ സമ്പത്ത്. വർഷങ്ങളായി അമേരിക്കൻ ജീവിതത്തിന്റെ ഭാഗമായുള്ള മൂല്യങ്ങൾ ഞാൻ ഇപ്പോഴും മുറുകെ പിടിക്കുന്നു,” ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു.
വംശാവലി രേഖകൾ സൂചിപ്പിക്കുന്നത്
റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്നാണ് ലിയോ പതിനാലാമൻ മാർപാപ്പയുടെ യഥാർത്ഥ പേര്. വംശാവലി ഗവേഷകനായ ജാരി ഹൊനോറ 19-ാം നൂറ്റാണ്ടിലെ സെൻസസ് രേഖകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനത്തിൽ മാർപാപ്പയുടെ മാതൃവഴിയിലെ വിവരങ്ങൾ കൃത്യമായി വിവരിക്കുന്നുണ്ട്.
- മാതൃവഴിയിലെ പശ്ചാത്തലം: അമ്മ മിൽഡ്രെഡ് ആഗ്നസ് മാർട്ടിനസിന്റെ മാതാപിതാക്കൾ ലൂസിയാനയിലെ ‘സ്വതന്ത്ര കറുത്ത വർഗക്കാർ’ (Free people of color) ആയിരുന്നു. ഹെയ്തിയൻ വംശജനായ ജോസഫ് മാർട്ടിനസും മുലാറ്റോ വംശജയായ ലൂയിസ് ബാക്വിയസുമായിരുന്നു മാർപാപ്പയുടെ അമ്മയുടെ മാതാപിതാക്കൾ.
- ചിക്കാഗോയിലേക്കുള്ള കുടിയേറ്റം: 1887-ൽ ന്യൂ ഓർലിയൻസിൽ വെച്ച് വിവാഹിതരായ ഇവർ ക്രിയോൾ വിഭാഗക്കാർ കൂടുതലായി താമസിച്ചിരുന്ന സെവന്ത് വാർഡിലാണ് ജീവിച്ചിരുന്നത്. എന്നാൽ 1910-ഓടെ ഇവർ ചിക്കാഗോയിലേക്ക് കുടിയേറുകയും ‘വെളുത്ത വർഗക്കാരായി’ ജീവിക്കുകയുമായിരുന്നു. 1912-ലെ ജനന സർട്ടിഫിക്കറ്റിൽ മാർപാപ്പയുടെ അമ്മയെ ‘വെളുത്ത വർഗക്കാരി’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മാർപാപ്പയുടെ പിതാവ് ലൂയിസ് മാരിയസ് പ്രെവോസ്റ്റ് രണ്ടാം ലോകമഹായുദ്ധത്തിൽ യു.എസ് നേവി ഓഫീസറായിരുന്നു. പിതാവിന്റെ മുത്തച്ഛൻ ഇറ്റലിയിലെ സിസിലിയിൽ നിന്നും മുത്തശ്ശി ഫ്രാൻസിലെ നോർമണ്ടിയിൽ നിന്നുമാണ് അമേരിക്കയിലേക്ക് കുടിയേറിയത്.
