‘ ഒരു ബ്രാന്‍ഡ് ന്യൂ ഫിലിം സ്കൂള്‍ ആരംഭിക്കണം’ ; അഭ്യര്‍ത്ഥനയുമായി സംവിധായകന് അല്‍ഫോണ്‍സ് പുത്രന്

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യോട് പുതിയൊരു ഫിലിം സ്കൂൾ ആരംഭിക്കണമെന്ന അഭ്യർത്ഥനയുമായി സംവിധായകൻ അൽഫോൻസ് പുത്രൻ. നിലവിലുള്ള സ്ഥാപനങ്ങളിൽ സിനിമയെക്കുറിച്ചുള്ള പഠനം പരിമിതമാണെന്നും, ചലച്ചിത്ര മേഖലയിലെ 24 ശാഖകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പുതിയ ഇൻസ്റ്റിറ്റ്യൂട്ട് അടിയന്തരമായി വേണമെന്നുമാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം ആവശ്യപ്പെട്ടത്.
“മുഖ്യമന്ത്രി വിജയ് ജോസഫ് സാറിനോട് ഒരു അഭ്യർത്ഥന. ദയവായി സിനിമയിലെ 24 ക്രാഫ്റ്റുകളും വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ഒരു പുതിയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കണം. നിലവിലുള്ള എല്ലാ സ്ഥാപനങ്ങളും നാലോ അഞ്ചോ ശാഖകൾ മാത്രമാണ് പഠിപ്പിക്കുന്നത്. നന്ദി മുഖ്യമന്ത്രി സാർ,” – അൽഫോൻസ് പുത്രൻ ഫേസ്ബുക്കിൽ കുറിച്ചു.
‘നേരം’, ‘പ്രേമം’, ‘ഗോൾഡ്’ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ സംവിധായകനാണ് അൽഫോൻസ് പുത്രൻ. സംവിധാനത്തിന് പുറമെ അഭിനയത്തിലും അദ്ദേഹം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങി ഏറെ ശ്രദ്ധനേടിയ ‘വാഴ 2’ എന്ന ചിത്രത്തിൽ അൽഫോൻസ് ചെയ്ത കഥാപാത്രം വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
