‘എന്നെ നേരിട്ട് കണ്ട ഒരാളും അഹങ്കാരിയാണെന്ന് പറഞ്ഞിട്ടില്ല, കമന്റിടുന്നവർ പറയുന്നതുപോലെ ജീവിക്കാൻ പറ്റില്ല’; പ്രതികരിച്ച് ദിയ കൃഷ്ണ

കൊച്ചി: സമൂഹമാധ്യമങ്ങളിൽ തനിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന രൂക്ഷമായ വിമർശനങ്ങൾക്ക് മറുപടിയുമായി ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. തങ്ങളെ കാണാൻ ആഗ്രഹിക്കുന്ന ഒരാളെങ്കിലും ഉണ്ടെങ്കിൽ അവർക്കായി വ്ളോഗ് ചെയ്യുന്നത് തുടരുമെന്ന് ദിയ വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ദിയ നിലപാട് വ്യക്തമാക്കിയത്.
“കാണാൻ ഇഷ്ടപ്പെടുന്നവർക്കായി സമയം കണ്ടെത്തി വ്ലോഗ് ഇടുന്നതാണ്. അല്ലാതെ ആരെയും വെറുപ്പിക്കാനല്ല. എന്നെ നേരിട്ട് കണ്ട ഒരാളും അഹങ്കാരിയാണെന്ന് പറഞ്ഞിട്ടില്ല. അത്യാവശ്യം ആളുകളെ സഹായിക്കുന്ന, ഡൗൺ ടു എർത്തായ വ്യക്തിയാണ് ഞാൻ. വിമർശിക്കുന്നവർക്ക് മുന്നിൽ അഭിനയിച്ച് കയ്യടി നേടാൻ താല്പര്യമില്ല. സോഷ്യൽ മീഡിയയിൽ കാണുന്നതുപോലെ തന്നെയാണ് യഥാർത്ഥ ജീവിതത്തിലും,” – ദിയ പറഞ്ഞു.
ഇഷ്ടമില്ലാത്തവരെ സോഷ്യൽ മീഡിയയിൽ അവഗണിക്കുകയോ ബ്ലോക്ക് ചെയ്യുകയോ ആണ് വേണ്ടതെന്നും, അതല്ലാതെ അവരുടെ ഇടത്തിലേക്ക് പോയി അനാവശ്യമായി വിമർശിക്കുന്നത് ശരിയല്ലെന്നും ദിയ കൂട്ടിച്ചേർത്തു. ഭർത്താവ് അശ്വിന്റെയും തന്റെയും കുടുംബങ്ങൾ ഏറെ സന്തോഷത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും, കമന്റ് ബോക്സിൽ വന്ന് ആളുകൾ ഉപദേശിക്കുന്നത് പോലെ ജീവിക്കാൻ ഈ ലോകത്ത് ആർക്കും സാധിക്കില്ലെന്നും ദിയ പറഞ്ഞു.
