എന്തുകൊണ്ടാണ് കാവി നിറത്തിലുളള വസ്ത്രം? യൂട്യൂബര്‍ക്ക് ചുട്ടമറുപടി നല്കി പ്രിയ വാര്യര്‍

കൊച്ചി: സിനിമാ താരം പ്രിയ പ്രകാശ് വാര്യർ ബ്രാൻഡ് അംബാസിഡറായ ഉൽപന്നത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ വസ്ത്രത്തിന്റെ നിറത്തെച്ചൊല്ലി ചോദ്യമുന്നയിച്ച യൂട്യൂബർക്ക് വായടപ്പൻ മറുപടി നൽകി താരം. ബ്രാൻഡിന്റെ ഐഡന്റിറ്റിയായ കാവി നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് പ്രിയ പരിപാടിയിൽ പങ്കെടുത്തത്.
ഉൽപന്നത്തിന്റെ ബോട്ടിലിന് എന്തുകൊണ്ടാണ് കാവി നിറം നൽകിയതെന്നും ആകർഷകമായതിനാലാണോ ഈ നിറം തിരഞ്ഞെടുത്തതെന്നും യൂട്യൂബർ ചോദിക്കുകയായിരുന്നു. പ്രമോഷൻ ചടങ്ങിൽ ഈ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയതിന്റെ കാരണവും അയാൾ വിചാരണ മട്ടിൽ ആരാഞ്ഞു.
എന്നാൽ, ‘എന്റെ പൊന്നു ചേട്ടാ…’ എന്ന് വിളിച്ച് തികച്ചും സമചിത്തതയോടെയാണ് പ്രിയ ഈ ചോദ്യത്തെ നേരിട്ടത്. പ്രസ്തുത ബ്രാൻഡ് വർഷങ്ങളായി ഉപയോഗിച്ചുവരുന്ന ഔദ്യോഗിക നിറമാണിതെന്നും, അതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിലാണ് ആ നിറത്തിലുള്ള വസ്ത്രം തിരഞ്ഞെടുത്തതെന്നും താരം വ്യക്തമാക്കി.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യൂട്യൂബറുടെ അനാവശ്യമായ ചോദ്യത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നുവരുന്നത്. അനാവശ്യ ചോദ്യത്തെ കൃത്യമായ മറുപടിയിലൂടെ നിശബ്ദമാക്കിയ താരത്തിന്റെ നിലപാടിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി.
