എഐ ഓഹരികള്‍ കൂപ്പുകുത്തുന്നു, ദക്ഷിണ കൊറിയന്‍ വിപണിയില്‍ വന്‍ തകര്‍ച്ച; സംഭവിക്കുന്നതെന്ത്?

ദക്ഷിണ കൊറിയന്‍ ഓഹരി വിപണിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട സെമികണ്ടക്ടര്‍ കമ്പനികളുടെ ഓഹരികളില്‍ വന്‍ തകര്‍ച്ച. ദക്ഷിണ കൊറിയന്‍ ഓഹരി സൂചികയായ ‘കോസ്പി’യിലാണ് ഈ വീഴ്ച ഏറ്റവും വ്യക്തമായി കാണുന്നത്. എഐ സെമികണ്ടക്ടര്‍ ഓഹരികളില്‍ ജൂണ്‍ 23നാണ് തകര്‍ച്ച ആരംഭിച്ചത്. ഇതിന് പിന്നാലെ പ്രമുഖ കമ്പനിയായ എസ്കെ ഹൈനിക്സിന്റെ ഓഹരികള്‍ 15.37 ശതമാനവും, സാംസങ് ഇലക്ട്രോണിക്സിന്റെ ഓഹരികള്‍ 10.7 ശതമാനവും ഇടിഞ്ഞു. ജൂണ്‍ 23-ന് 10 ശതമാനത്തോളം ഇടിഞ്ഞ സൂചിക, ജൂലൈ 2-ന് 8 ശതമാനവും, ജൂലൈ 7-ന് വീണ്ടും 8 ശതമാനത്തിലധികവും ഇടിഞ്ഞു.
ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്നും 20 ശതമാനത്തിലധികം താഴേക്ക് വീണതോടെ ജൂലൈ 8-ന് കൊറിയന്‍ വിപണി ഔദ്യോഗികമായി ഒരു ‘ബെയര്‍ മാര്‍ക്കറ്റിലേക്ക്’കൂപ്പുകുത്തി. ലാഭമെടുപ്പും ഭൗമരാഷ്ട്രീയ പ്രശ്നങ്ങളുമാണ് ഈ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. എന്നാല്‍ ഒരു പ്രത്യേക മേഖലയിലേക്ക് മാത്രം നിക്ഷേപകര്‍ ഇരച്ചുകയറിയതും പ്രതീക്ഷകള്‍ അതിരുകടന്നതുമാണ് യഥാര്‍ത്ഥ കാരണമെന്ന് അനലിസ്റ്റുകള്‍ പറയുന്നു.
എഐ തരംഗം അവസാനിച്ചോ?
വിപണി തകര്‍ന്നുവെങ്കിലും കമ്പനികളുടെ അടിസ്ഥാനപരമായ സാമ്പത്തിക നില ഭദ്രമാണ്. സെമികണ്ടക്ടര്‍ കയറ്റുമതിയില്‍ ഇപ്പോഴും വന്‍ വര്‍ധനവാണ് ഉള്ളത്. ജൂലൈ ആദ്യത്തെ പത്ത് ദിവസങ്ങളില്‍ മാത്രം ദക്ഷിണ കൊറിയയുടെ സെമികണ്ടക്ടര്‍ കയറ്റുമതി മുന്‍വര്‍ഷത്തേക്കാള്‍ 193 ശതമാനം വര്‍ധിച്ച് 1,07,520 കോടി രൂപയിലെത്തി . ഇക്കാലയളവിലെ ആകെ കയറ്റുമതി 2,86,080 കോടി രൂപയാണ് മെമ്മറി ചിപ്പ് നിര്‍മ്മാണ കമ്പനികള്‍ ഇപ്പോഴും ഉയര്‍ന്ന ലാഭം നേടുന്നുണ്ട്.
