ഇടിച്ചിട്ട് നിർത്താതെ പോകുന്ന വാഹനങ്ങൾ കണ്ടെത്താൻ ഓരോ ജില്ലയിലും പൊലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിക്കണം; ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: വാഹനാപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോകുന്ന (ഹിറ്റ് ആൻഡ് റൺ) വാഹനങ്ങളെയും പ്രതികളെയും പിടികൂടാൻ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പോലീസിന്റെ പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കണമെന്ന് ഹൈക്കോടതി. സ്ക്വാഡിന്റെ പ്രവർത്തനം അതത് ജില്ലാ പോലീസ് മേധാവിമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കണമെന്നും ജസ്റ്റിസ് ജി. ഗിരീഷ് ഉത്തരവിട്ടു.
അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താൻ കഴിയാത്തതുകൊണ്ട് ഇരകൾക്കും കുടുംബങ്ങൾക്കും അർഹമായ ഇൻഷുറൻസ് തുകയും നഷ്ടപരിഹാരവും ലഭിക്കാതെ പോകുന്ന സാഹചര്യം ഒഴിവാക്കാനാണ് കോടതിയുടെ ഇടപെടൽ. നിർത്താതെ പോയ വാഹനങ്ങളുമായി ബന്ധപ്പെട്ട മൂന്ന് ഹർജികൾ തീർപ്പാക്കിക്കൊണ്ടാണ് ഉത്തരവ്.
ഹൈക്കോടതിയുടെ പ്രധാന നിർദേശങ്ങൾ:
- ഏകോപനവും സൈബർ സഹായവും: ജില്ലകളിൽ രൂപീകരിക്കുന്ന സ്ക്വാഡുകൾ പരസ്പരം ഏകോപിച്ച് പ്രവർത്തിക്കണം. ശാസ്ത്രീയ അന്വേഷണത്തിനായി സൈബർ പോലീസിന്റെ സഹായം ഉറപ്പാക്കണം.
- ഹെൽപ്പ് ലൈൻ: പൊതുജനങ്ങൾക്ക് അപകട വിവരങ്ങളും സംശയമുള്ള വാഹനങ്ങളുടെ വിവരങ്ങളും കൈമാറാൻ സ്ക്വാഡിന്റെ ഫോൺ നമ്പറുകൾ പരസ്യപ്പെടുത്തണം.
- പ്രത്യേക അന്വേഷണം: കടവന്ത്രയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട സംഭവം, നെടുമ്പാശേരിയിൽ ബാങ്ക് ഉദ്യോഗസ്ഥനെ കാറിടിച്ച സംഭവം, തിരുവനന്തപുരം കല്ലമ്പലത്ത് വയോധികൻ കൊല്ലപ്പെട്ട അപകടം എന്നിവയുടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കണം കേസ് അന്വേഷിക്കേണ്ടത്.
‘നഷ്ടപരിഹാര തുക വർധിപ്പിക്കണം’
ഹിറ്റ് ആൻഡ് റൺ മോട്ടർ ആക്സിഡന്റ് സ്കീം-2021 പ്രകാരം ഇരകൾക്ക് നൽകുന്ന നഷ്ടപരിഹാര തുക വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി നിയമഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.
ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ മാതൃകയിൽ ഇതിനായി പ്രത്യേക ഫണ്ട് രൂപീകരിക്കണം. മോട്ടോർ വാഹന വകുപ്പ് ഈടാക്കുന്ന പിഴത്തുകയിൽ നിന്നോ ഇൻഷുറൻസ് പ്രീമിയത്തിൽ നിന്നോ ഇതിനുള്ള വിഹിതം കണ്ടെത്താവുന്നതാണെന്നും കോടതി നിരീക്ഷിച്ചു. തുടർനടപടികൾക്കായി വിധിപ്പകർപ്പ് കേന്ദ്ര കാബിനറ്റ് സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവർക്ക് അയക്കാൻ നിർദേശിച്ചിട്ടുണ്ട്.
