“പ്രാണികളെ പിന്തുണച്ചില്ലെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നത് ക്രൂരത”: നീറ്റ് പ്രതിഷേധങ്ങളിൽ പ്രതികരിച്ച് ദിയ കൃഷ്ണ

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രതിഷേധങ്ങളോടും, തനിക്കും കുടുംബത്തിനുമെതിരെ ഉയർന്നുവരുന്ന വിമർശനങ്ങളോടും പ്രതികരിച്ച് ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച ദീർഘമായ കുറിപ്പിലാണ് ദിയ തന്റെ നിലപാട് വ്യക്തമാക്കിയത്.
നടക്കുന്ന പ്രതിഷേധങ്ങളുടെ കാരണം തനിക്ക് വ്യക്തമായി അറിയാമെന്നും, നല്ലൊരു കാര്യത്തിന് വേണ്ടിയുള്ള ഇത്തരം പോരാട്ടങ്ങൾക്ക് താൻ എതിരല്ലെന്നും ദിയ പറഞ്ഞു. വിഷയം സർക്കാർ ഉടൻ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം വ്യക്തമാക്കി. എന്നാൽ, ഇതിന്റെ പേരിൽ തന്നെയോ കുടുംബത്തെയോ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതും ‘നട്ടെല്ലില്ലാത്തവർ’ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നതും അംഗീകരിക്കാൻ കഴിയില്ലെന്ന് ദിയ കൂട്ടിച്ചേർത്തു.
ദിയ കൃഷ്ണയുടെ വാക്കുകൾ:
“ഈ പ്രതിഷേധത്തിന്റെ കാരണം എനിക്ക് നന്നായി അറിയാം, ഞാൻ ഇതിന് എതിരല്ല. ഇതൊരു നല്ല കാര്യത്തിന് വേണ്ടിയാണെന്നും സർക്കാർ ഉടൻ തന്നെ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ പ്രാണികളെ പിന്തുണയ്ക്കുന്നില്ല എന്ന ഒറ്റക്കാരണത്താൽ എന്നെയും കുടുംബത്തെയും ‘നട്ടെല്ലില്ലാത്തവർ’ എന്ന് വിളിക്കുന്നത് ക്രൂരതയാണ്. എന്നെയും എന്റെ കുടുംബത്തെയും ഇത്തരം വിഷലിപ്തമായ വിവാദങ്ങളിൽ നിന്ന് ദയവായി ഒഴിവാക്കുക.
പിന്നെ, എന്നെയും കുടുംബത്തെയും അൺസബ്സ്ക്രൈബ് ചെയ്യാനും അൺഫോളോ ചെയ്യാനും ആഹ്വാനം ചെയ്യുന്ന പുതിയ പ്രചാരണം നടത്തുന്നവർക്ക് അത് തുടരാവുന്നതാണ്.”
നീറ്റ് വിഷയം: പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം
അതേസമയം, നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് പാർലമെന്റിൽ എപ്പോൾ വേണമെങ്കിലും ചർച്ച നടത്താൻ സന്നദ്ധമാണെന്ന് ലോക്സഭ സ്പീക്കർ ഓം ബിർളയും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും അറിയിച്ചു. പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം കടുപ്പിച്ചതോടെയാണ് വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്.
