‘ഇ.ഡി പാർട്ടി ശത്രുക്കളുടെ പട്ടികയിൽ ഒന്നാമത്; രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടും’.

കോഴിക്കോട്: മാസപ്പടി കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടികളെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബി.ജെ.പിയും സംഘപരിവാറും നടത്തുന്ന വൻ സാമ്പത്തിക ക്രമക്കേടുകളിൽ കണ്ണടയ്ക്കുന്ന ഇ.ഡി, കേരളത്തിൽ സി.പി.ഐ.എമ്മിനെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയ്ഡുകൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മന്ത്രി പി.എ. മുഹമ്മദ് റിയാസിലേക്ക് അന്വേഷണം എത്തിച്ച് പാർട്ടിയെ കടന്നാക്രമിക്കാനാണ് കേന്ദ്ര ഏജൻസികളുടെ നീക്കം. ഇതിനെ ശക്തമായി പ്രതിരോധിക്കും. പാർട്ടിയുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി ജനങ്ങൾക്കിടയിൽ സി.പി.ഐ.എം വിരുദ്ധ മനോഭാവം ഉണ്ടാക്കാനുള്ള പുകമറ സൃഷ്ടിക്കുകയാണ് ഇ.ഡി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
“റിയാസുമായി സൗഹൃദമുണ്ട് എന്നതിന്റെ പേരിൽ മാത്രം കോഴിക്കോട് ഒൻപതോളം പേരുടെ വീടുകളിലാണ് ഇ.ഡി റെയ്ഡ് നടത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. റിയാസിനെതിരെ വ്യാജ തെളിവുകളുണ്ടാക്കാനാണ് ഇവരുടെ ശ്രമം. എന്നാൽ ഇതിലൊന്നും യാതൊരു വസ്തുതയുമില്ല,” എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
പാർട്ടി വിരുദ്ധ ശക്തികളുടെ പട്ടികയിൽ ഒന്നാമത്തെ സ്ഥാനത്താണ് ഇപ്പോൾ ഇ.ഡി ഉള്ളത്. സി.പി.ഐ.എമ്മിനെ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ വേട്ടയാടലുകളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
