ആറ് മില്യൺ കാഴ്ചക്കാരുമായി ദുൽഖർ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ”

കൊച്ചി: പവൻ സാദിനേനിയുടെ സംവിധാനത്തിൽ ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’യിലെ ആദ്യ ഗാനത്തിന് വമ്പൻ വരവേൽപ്പ്. ‘കുട്ടി കുട്ടി പൂവേ’ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ യൂട്യൂബിൽ 60 ലക്ഷത്തിലധികം (6 മില്യൺ) കാഴ്ചക്കാരെ നേടി തരംഗമായി മാറി.
നായകൻ ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ച് ജൂലൈ 28-നാണ് ഗാനം പുറത്തുവിട്ടത്. തെലുങ്കിൽ ‘ചിട്ടി ചിട്ടി ചീമ’ എന്ന് തുടങ്ങുന്ന പാട്ടിന്റെ മലയാളം പതിപ്പാണ് ‘കുട്ടി കുട്ടി പൂവേ’. അരുൺ ആലാട്ടിന്റെ വരികൾക്ക് ദേശീയ അവാർഡ് ജേതാവ് ജി.വി. പ്രകാശ് കുമാറാണ് ഈണം പകർന്നിരിക്കുന്നത്. നിത്യ മാമ്മനാണ് മലയാളത്തിൽ ഗാനം ആലപിച്ചിരിക്കുന്നത്.
പാട്ടിന്റെ ദൃശ്യങ്ങൾക്കൊപ്പം ഇതിന്റെ മേക്കിങ് വിഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ദുൽഖർ, പുതുമുഖ നായിക സാത്വിക വീരവല്ലി എന്നിവരുടെ ജീവിത പശ്ചാത്തലമാണ് ഗാനത്തിലൂടെ സൂചിപ്പിക്കുന്നത്. ‘കൃഷ്ണ’ എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശ്രുതി ഹാസനും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സന്ദീപ് ഗണ്ണം, രമ്യ ഗണ്ണം എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഗീതാ ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ് ബോക്സ് മീഡിയ എന്നീ പ്രമുഖ നിർമാണ കമ്പനികളാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. വസന്ത് ജുറു, പവൻ സാദിനേനി എന്നിവരുടേതാണ് കഥ. ഗുന്നം ഗംഗരാജുവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുജിത് സാരംഗ് ഛായാഗ്രഹണവും പ്രവീൺ കെ.എൽ. എഡിറ്റിങ്ങും നിർവഹിക്കുന്നു.
മഹാനടി, സീതാ രാമം, ലക്കി ഭാസ്കർ, കൽക്കി 2898 എ.ഡി തുടങ്ങിയ സിനിമകളിലൂടെ തെലുങ്ക് സിനിമാലോകത്തും വലിയ ജനപ്രീതി നേടിയ നടനാണ് ദുൽഖർ സൽമാൻ. ഒരു ഫീൽ ഗുഡ് ഡ്രാമയായി ഒരുങ്ങുന്ന ‘ആകാശംലോ ഒക താര’ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് തിയറ്ററുകളിലെത്തുക. ചിത്രത്തിന്റെ റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കും.
