ആദ്യ ഷോയ്ക്ക് മുന്‍പ് കളക്ഷന്‍ എത്ര? ‘തുടക്കം’ ഫൈനല്‍ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ അഭിനയ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ ഇന്ന് തീയറ്ററുകളിലെത്തി. രാവിലെ 10 മണിക്ക് ആദ്യ ഷോ ആരംഭിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് തുടക്കത്തിൽ തന്നെ ലഭിക്കുന്നത്. വിസ്മയയുടെ അരങ്ങേറ്റവും മോഹൻലാലിന്റെ അതിഥി വേഷവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
പ്രദർശനം ആരംഭിക്കുന്നതിന് തൊട്ടുമുൻപുള്ള അഡ്വാൻസ് ബുക്കിംഗ് കണക്കുകൾ പുറത്തുവരുമ്പോൾ ബോക്സ് ഓഫീസിൽ ചിത്രം മികച്ച തുടക്കമിട്ടതായാണ് റിപ്പോർട്ടുകൾ. ട്രാക്കിംഗ് ഏജൻസികളുടെ കണക്കുപ്രകാരം കേരളത്തിൽ നിന്നുമാത്രം അഡ്വാൻസ് ബുക്കിംഗിലൂടെ 86 ലക്ഷം രൂപ ചിത്രം നേടി. കർണാടകയിൽ നിന്ന് എട്ട് ലക്ഷവും തമിഴ്നാട്ടിൽ നിന്ന് മൂന്ന് ലക്ഷവും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് 2.50 ലക്ഷം രൂപയും ചിത്രം സ്വന്തമാക്കി.
ഇന്ത്യയിൽ നിന്നുള്ള ആകെ അഡ്വാൻസ് ബുക്കിംഗ് തുക 99.50 ലക്ഷമാണ്. വിദേശ മാർക്കറ്റുകളിൽ നിന്ന് 40 ലക്ഷം രൂപ കൂടി നേടിയതോടെ ആഗോളതലത്തിൽ 1.40 കോടി രൂപയാണ് ആദ്യ ഷോയ്ക്ക് മുൻപുള്ള ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് കളക്ഷൻ. ഒരു പുതുമുഖ താരം കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തെ സംബന്ധിച്ച് വളരെ മികച്ച നേട്ടമാണിത്. ആദ്യ ദിനത്തിലെ മാറ്റിനി, ഈവനിംഗ് ഷോകൾക്ക് പോസിറ്റീവ് റിവ്യൂസ് ലഭിക്കുന്നതോടെ കളക്ഷൻ വലിയ രീതിയിൽ ഉയർന്നേക്കും.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘എമ്പുരാൻ’ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിന് ശേഷം ആശിഷ് പ്രധാന നിരയിലേക്ക് എത്തുന്ന ചിത്രം കൂടിയാണിത്.
യു/എ 16 പ്ലസ് സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈർഘ്യം രണ്ട് മണിക്കൂറും 19 മിനിറ്റുമാണ് (139.35 മിനിറ്റ്). ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡോ. എമിൽ ആന്റണി, ഡോ. അനീഷ ആന്റണി എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ജേക്സ് ബിജോയ് സംഗീതവും ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.
