‘യഥാർത്ഥ ധൈര്യം തോറ്റുകൊടുക്കാതിരിക്കലാണ്’; ഭാര്യ ദീപികയ്ക്ക് പിറന്നാൾ ആശംസകളുമായി ഷൊയ്ബ് ഇബ്രാഹിം

ന്യൂഡൽഹി: പ്രശസ്ത ടെലിവിഷൻ താരം ദീപിക കക്കറിന് പിറന്നാൾ ആശംസകൾ നേർന്ന് ഭർത്താവും നടനുമായ ഷൊയ്ബ് ഇബ്രാഹിം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും ശ്രദ്ധനേടുന്നു. മകൻ റുഹാനും ദീപികയ്ക്കുമൊപ്പമുള്ള പിറന്നാളാഘോഷ ചിത്രങ്ങളാണ് ഷൊയ്ബ് പങ്കുവെച്ചത്.
തന്റെ പ്രിയപ്പെട്ടവളെ ‘പോരാളി’ എന്ന് വിശേഷിപ്പിച്ച ഷൊയ്ബ്, പോരാടാനുള്ള യഥാർത്ഥ ധൈര്യം താൻ പഠിച്ചത് ദീപികയിൽ നിന്നാണെന്ന് കുറിച്ചു.
“ഹാപ്പി ബർത്ത്ഡേ ഫൈറ്റർ.. യഥാർത്ഥ ധൈര്യം തോറ്റുകൊടുക്കാതിരിക്കലാണെന്ന് നീ എന്നെ പഠിപ്പിച്ചു. ഇന്ന് ഈ പ്രത്യേക ദിനത്തിൽ അല്ലാഹുവിനോട് ഞാൻ പ്രാർത്ഥിക്കുന്നത് നിനക്ക് ദീർഘായുസ്സും ആരോഗ്യവുമുള്ള ജീവിതം നൽകണേ എന്നാണ്. നിന്നെ എപ്പോഴും സന്തോഷത്തോടെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം എന്റേതാണ്,” ഷൊയ്ബ് കുറിച്ചു.
2011-ൽ ഹിറ്റ് പരമ്പരയായ ‘സസുരൽ സിമർ കാ’യുടെ സെറ്റിൽ വെച്ചാണ് ഷൊയ്ബും ദീപികയും കണ്ടുമുട്ടുന്നത്. തുടർന്ന് 2018 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. 2023 ജൂണിൽ ദമ്പതികൾക്ക് മകൻ റുഹാൻ പിറന്നു.
2025-ൽ ദീപികയ്ക്ക് അർബുദം സ്ഥിരീകരിച്ചെങ്കിലും, ഈ പ്രതിസന്ധിയെ അതീവ ധൈര്യത്തോടെയാണ് കുടുംബം നേരിട്ടത്. രോഗമുക്തിയുടെയും ചികിത്സയുടെയും വിവരങ്ങൾ ഇരുവരും യൂട്യൂബ് വ്ലോഗുകളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.
