ആദിവാസികൾക്ക് ഓണക്കോടി, ഉത്തരവ് സർക്കാർ തിരുത്തി, പകരം 1000 രൂപ തന്നെ നൽകാൻ തീരുമാനം

തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ് കഴിഞ്ഞ ആദിവാസി പട്ടികവർഗ വിഭാഗക്കാർക്ക് നൽകിയിരുന്ന ധനസഹായത്തിൽ വരുത്തിയ മാറ്റം പിൻവലിച്ച് സംസ്ഥാന സർക്കാർ. ഓണത്തിന് നൽകിയിരുന്ന 1000 രൂപ ധനസഹായത്തിന് പകരം ഓണക്കോടി നൽകുമെന്ന മുൻ ഉത്തരവാണ് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് തിരുത്തിയത്.
സാമ്പത്തിക സഹായത്തിന് പകരം വസ്ത്രം നൽകാനുള്ള തീരുമാനത്തിനെതിരെ ഗുണഭോക്താക്കളിൽ നിന്നും വിവിധ കോണുകളിൽ നിന്നും ശക്തമായ പ്രതിഷേധവും പരാതികളും ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് മുൻപ് നൽകിയിരുന്നതുപോലെ 1000 രൂപ തന്നെ നൽകാൻ വകുപ്പ് ഭേദഗതി ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ 60 വയസ് പിന്നിട്ട പട്ടികവർഗക്കാർക്ക് ഓണസമ്മാനമായി 1000 രൂപ വീതം നൽകുന്ന പദ്ധതി വർഷങ്ങളായി നിലവിലുണ്ട്. സ്വന്തമായി ബാങ്ക് അക്കൗണ്ടുള്ളവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടും, അക്കൗണ്ടില്ലാത്തവർക്ക് രേഖകൾ പരിശോധിച്ച് എസ്.ടി പ്രൊമോട്ടർമാർ വഴിയുമാണ് ഈ തുക ലഭ്യമാക്കാറുള്ളത്. പഴയ രീതി തന്നെ തുടരാൻ തീരുമാനിച്ചതോടെ ഈ വർഷവും പണം നേരിട്ട് ഗുണഭോക്താക്കളുടെ കൈകളിലെത്തും.
