‘ ആ പഴയ കൂട്ടുകാരനിൽ നിന്ന് സംവിധായകനിലേക്കുളള വളർച്ച കാണുമ്പോൾ അഭിമാനം തോന്നുന്നു’ ; കുറിപ്പുമായി നിയാസ് ബക്കർ

പഴയ സൗഹൃദത്തിന്റെയും ഓർമകളുടെയും മനോഹരമായ നിമിഷങ്ങൾ പങ്കുവെച്ച് നടനും മിമിക്രി കലാകാരനുമായ നിയാസ് ബക്കർ. പ്രശസ്ത സംവിധായകൻ ജിയോ ബേബിക്കൊപ്പമുള്ള ചിത്രങ്ങളും അതിവൈകാരികമായ കുറിപ്പുമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ‘അതിരടി’ സിനിമയുടെ വിജയാഘോഷത്തിനിടെയായിരുന്നു വർഷങ്ങൾക്ക് ശേഷമുള്ള ഈ കണ്ടുമുട്ടൽ.
ജനപ്രിയ ആക്ഷേപഹാസ്യ പരമ്പരയായ ‘മറിമായ’ത്തിന്റെ തുടക്കകാലത്താണ് താൻ ജിയോയെ പരിചയപ്പെടുന്നതെന്ന് നിയാസ് ബക്കർ ഓർത്തെടുക്കുന്നു. അന്ന് മറിമായത്തിന് വേണ്ടി അദ്ദേഹം എഴുതിയ മികച്ച തിരക്കഥകൾ സീരിയലിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
കൂടിക്കാഴ്ചയ്ക്കിടെ അതിരടിയിലെ നിയാസിന്റെ ‘എസ്.ഐ’ വേഷത്തെ ജിയോ അഭിനന്ദിച്ചപ്പോൾ, പഴയൊരു അപൂർവ്വ ഓർമ ജിയോയും പങ്കുവെക്കുകയുണ്ടായി. പണ്ട് മറിമായത്തിലെ ഒരു എപ്പിസോഡിൽ ജിയോ ബേബി നിയാസ് ബക്കറിന്റെ അച്ഛനായി അഭിനയിച്ച വിവരമായിരുന്നു അത്. കാലത്തിന്റെ ഒഴുക്കിൽ മറന്നുപോയ ആ അപൂർവ ഓർമ ജിയോ ഓർമ്മിപ്പിച്ചപ്പോൾ ഏറെ സന്തോഷം തോന്നിയെന്ന് നിയാസ് കുറിച്ചു.
അന്ന് മറിമായത്തിനായി തിരക്കഥയെഴുതിയ ചെറുപ്പക്കാരൻ ഇന്ന് മലയാള സിനിമയിലെ തന്റേതായ ഇടം കണ്ടെത്തിയ പ്രശസ്ത സംവിധായകനായി വളർന്നത് കാണുമ്പോൾ ഒരു സുഹൃത്തെന്ന നിലയിൽ ഏറെ അഭിമാനമുണ്ടെന്ന് താരം കൂട്ടിച്ചേർത്തു. ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’, ‘കാതൽ – ദി കോർ’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ ചിന്തകളും ശക്തമായ പ്രമേയങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കാൻ ജിയോയ്ക്ക് സാധിച്ചു.
പഴയ കൂട്ടുകാരനിൽ നിന്ന് മലയാള സിനിമയുടെ മുന്നിര സംവിധായകനിലേക്കുള്ള ജിയോയുടെ വളർച്ചയ്ക്ക് സാക്ഷിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും, ഇനിയും മികച്ച സിനിമകൾ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതായും സ്നേഹം അറിയിച്ചുകൊണ്ട് നിയാസ് ബക്കർ കുറിച്ചു.
