അലാറം വെയ്ക്കാതെ ഉണരാം; ഈ ദൈനംദിന ശീലങ്ങൾ സഹായിക്കും

അലാറത്തിന്റെ ഭയപ്പെടുത്തുന്ന ശബ്ദമില്ലാതെ, സ്വാഭാവികമായി കൃത്യസമയത്ത് ഉണരുക എന്നത് വളരെ എളുപ്പത്തിൽ സാധ്യമാക്കാവുന്ന ഒന്നാണ്. ശരീരത്തിനുള്ളിലെ സ്വാഭാവിക ജീവതാളമായ ‘സർക്കാഡിയൻ റിഥം’ (Circadian Rhythm) കൃത്യമായി ക്രമീകരിച്ചാൽ അലാറത്തിന്റെ സഹായമില്ലാതെ തന്നെ ശരീരത്തിന് ഉണരാനാകും. അതിനായി ദൈനംദിന ജീവിതത്തിൽ വരുത്തേണ്ട പ്രധാന മാറ്റങ്ങൾ പരിശോധിക്കാം:
- ഉണരുന്ന സമയം മാറ്റരുത്: വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ഉൾപ്പെടെ എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ ഉണരാൻ ശ്രദ്ധിക്കുക. ഇത് ശരീരത്തിന് കൃത്യമായ ഒരു താളം നൽകും.
- ആവശ്യത്തിന് ഉറക്കം ഉറപ്പാക്കുക: കൃത്യമായ ഉറക്കം ലഭിക്കാതെ പെട്ടെന്ന് ഉണരാൻ ശരീരത്തെ പരിശീലിപ്പിക്കാനാകില്ല. മുതിർന്നവർ ദിവസവും കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും നിർബന്ധമായും ഉറങ്ങണം.
- രാവിലത്തെ സൂര്യപ്രകാശം പ്രധാനം: ഉണർന്ന ഉടൻ ജനലുകൾ തുറന്നിടുകയോ പുറത്തിറങ്ങി വെയിൽ കൊള്ളുകയോ ചെയ്യുക. രാവിലത്തെ സൂര്യപ്രകാശം ശരീരത്തിലെ ജീവതാളത്തെ ഉത്തേജിപ്പിക്കുകയും രാത്രിയിൽ നേരത്തെ ഉറക്കം വരാൻ സഹായിക്കുകയും ചെയ്യും.
- രാത്രിയിൽ സ്ക്രീൻ ഉപയോഗം കുറയ്ക്കാം: ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പെങ്കിലും മൊബൈൽ, ലാപ്ടോപ്പ്, ടിവി എന്നിവയുടെ ഉപയോഗവും മുറിയിലെ അമിത വെളിച്ചവും ഒഴിവാക്കുക. പകരം പുസ്തകം വായിക്കുകയോ ശരീരം അയവുവരുത്തുന്ന ലഘു വ്യായാമങ്ങളിൽ ഏർപ്പെടുകയോ ചെയ്യാം.
- ഭക്ഷണക്രമത്തിൽ വേണം ശ്രദ്ധ: ഉച്ചയ്ക്ക് ശേഷമുള്ള കാപ്പി, ചായ എന്നിവയുടെ ഉപയോഗവും രാത്രി വൈകിയുള്ള അമിത ഭക്ഷണവും മദ്യപാനവും ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കും. രാത്രി കിടക്കുന്നതിന് തൊട്ടുമുമ്പ് കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതും ഒഴിവാക്കേണ്ടതാണ്.
