ഇലക്ട്രിക് വാഹന ചാർജിങ് സൗകര്യം കൂടുതൽ വിപുലമാക്കാൻ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ

ന്യൂഡൽഹി: രാജ്യത്ത് ഇലക്ട്രിക് വാഹന (EV) ചാർജിങ് സൗകര്യങ്ങൾ കൂടുതൽ എളുപ്പവും വിപുലവുമാക്കാൻ ലക്ഷ്യമിട്ട് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും ജിയോ-ബിപിയും (Jio-bp) തന്ത്രപ്രധാന പങ്കാളിത്തത്തിൽ ഏർപ്പെട്ടു. റിലയൻസ് ഇൻഡസ്ട്രീസിന്റെയും ബി.പിയുടെയും സംയുക്ത സംരംഭമായ റിലയൻസ് ബി.പി മൊബിലിറ്റിയുടെ പ്രവർത്തന ബ്രാൻഡായ ജിയോ-ബിപിയുടെ പൾസ് ചാർജിങ് ശൃംഖല ഇനി ഹ്യുണ്ടായിയുടെ ‘മൈഹ്യുണ്ടായ്’ (myHyundai) ആപ്പുമായി സംയോജിപ്പിക്കും. ഇതോടെ മൈഹ്യുണ്ടായ് ആപ്പിലൂടെ ആക്സസ് ചെയ്യാവുന്ന ഇവി ചാർജിങ് പോയിന്റുകളുടെ എണ്ണം 37,000 കടന്നു. 300-ലധികം നഗരങ്ങളിലായി പ്രവർത്തിക്കുന്ന 7,000-ത്തിലധികം സജീവ ചാർജിങ് പോയിന്റുകൾ ഈ പങ്കാളിത്തത്തിലൂടെ ലഭ്യമാകുന്നതോടെ, പ്രധാന ദേശീയപാതകളിലൂടെയുള്ള ദീർഘദൂര ഇവി യാത്രകൾ കൂടുതൽ ആത്മവിശ്വാസമുള്ളതായി മാറും. 60kW മുതൽ 480kW വരെ ശേഷിയുള്ള ഡിസി അതിവേഗ ചാർജറുകൾ ഉൾപ്പെടുന്ന ഈ ശൃംഖലയ്ക്ക് 96 ശതമാനം പ്രവർത്തനക്ഷമതയും കമ്പനി അവകാശപ്പെടുന്നു. ഹ്യുണ്ടായ് വാഹനങ്ങൾ ഉള്ളവർക്ക് മാത്രമല്ല, ഏത് ബ്രാൻഡിന്റെ ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവർക്കും മൈഹ്യുണ്ടായ് ആപ്പിലൂടെ ഈ പൊതു ചാർജിങ് സ്റ്റേഷനുകൾ കണ്ടെത്താനും സേവനങ്ങൾ ഉപയോഗിക്കാനും സാധിക്കും. നിലവിൽ 183 ഡിസി അതിവേഗ ചാർജിങ് സ്റ്റേഷനുകളുള്ള ഹ്യുണ്ടായ്, 2030-ഓടെ ഇത് 600 ആയി ഉയർത്താനുള്ള തയ്യാറെടുപ്പിലാണ്. ഇവി ഉപയോക്താക്കളുടെ പ്രധാന ആശങ്ക ചാർജിങ് സൗകര്യങ്ങളുടെ ലഭ്യതയാണെന്നും, ജിയോ-ബിപിയുമായുള്ള സഹകരണം രാജ്യത്തെ ഇവി അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുന്നതിൽ നിർണായക ചുവടുവെയ്പ്പാണെന്നും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ കോർപ്പറേറ്റ് പ്ലാനിങ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹ്യുൻ സൂപ് ലീ വ്യക്തമാക്കി.
