അമേരിക്കയിൽ താമസിക്കുന്ന വിദേശ പൗരന്മാർക്കെതിരെ അത്യപൂർവമായ നടപടിയുമായി ട്രംപ് ഭരണകൂടം

വാഷിങ്ടൻ: യു.എസിൽ താമസിക്കുന്ന വിദേശ പൗരന്മാർക്കെതിരെ അത്യപൂർവമായ കടുത്ത നടപടിയുമായി ഡോണൾഡ് ട്രംപ് ഭരണകൂടവും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും. വീസ വ്യവസ്ഥകൾ ലംഘിക്കൽ, ഗുരുതര കുറ്റകൃത്യങ്ങൾ, രാജ്യസുരക്ഷക്ക് ഭീഷണിയാകൽ തുടങ്ങിയ വിവിധ കാരണങ്ങളാൽ 1,75,000ത്തിലധികം വിദേശികളുടെ വീസ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കി.
ഡിജിറ്റൽ നിരീക്ഷണങ്ങളിലൂടെയും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന തുടർപരിശോധനകളിലൂടെയുമാണ് ഇത്രയധികം ആളുകളെ കണ്ടെത്തിയത്. റദ്ദാക്കപ്പെട്ട വീസകളിൽ ഭൂരിഭാഗവും വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വിദേശികളുടേതാണ്. മർദനം, മദ്യപിച്ച് വാഹനമോടിക്കൽ (DUI), മോഷണം, ലഹരിമരുന്ന് കടത്ത്, അപകടകരമായ രീതിയിൽ അമിതവേഗതയിൽ വാഹനമോടിക്കൽ, ലൈംഗിക അതിക്രമങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവയിൽ ഉൾപ്പെട്ടവർ പട്ടികയിലുണ്ട്.
അമേരിക്കൻ പൗരത്വം ലക്ഷ്യമിട്ട് നടത്തുന്ന ‘ബർത്ത് ടൂറിസം’ തട്ടിപ്പുകൾക്കെതിരെയും അധികൃതർ കർശന നടപടിയെടുത്തു. വടക്കൻ ആഫ്രിക്കയിലെ ഒരു യു.എസ് എംബസി മാത്രം ഇത്തരത്തിൽ അമേരിക്കയിലെത്തിയ നൂറിലധികം പേരുടെ വീസ റദ്ദാക്കിയിട്ടുണ്ട്. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായവർ, മെഡികെയ്ഡ് ഇൻഷുറൻസിന്റെ പേരിൽ അഞ്ച് ദശലക്ഷത്തിലധികം ഡോളർ (ഏകദേശം 40 കോടി രൂപ) തട്ടിയെടുത്തവർ എന്നിവരും നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു.
അമേരിക്കൻ പൗരന്മാർക്കും ഭരണാധികാരികൾക്കും എതിരെ പരസ്യമായി ഭീഷണി മുഴക്കിയ വിദേശികൾക്കെതിരെയും നടപടി ശക്തമാക്കിയിട്ടുണ്ട്. പൊതുപ്രവർത്തകൻ ചാർലി കിർക്കിനെതിരായ വധശ്രമത്തെ സോഷ്യൽ മീഡിയയിലൂടെ പിന്തുണച്ച വിദേശികളുടെ വീസയും റദ്ദാക്കിയവയിലുണ്ട്. വ്യാജ രേഖ ചമച്ച് നിക്ഷേപകരെ വഞ്ചിച്ച വ്യാപാരികളും ഇതിൽ പെടുന്നു.
വിദേശനയ സുരക്ഷ മുൻനിർത്തി ഒട്ടേറെ വ്യക്തികളെ രാജ്യത്തുനിന്ന് ഉടൻ നാടുകടത്താൻ യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഉത്തരവിട്ടു. ക്യൂബൻ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ചാരപ്രവർത്തനങ്ങളുമായി ബന്ധമുള്ളവർ, ഇറാൻ ഭരണകൂടവുമായി ബന്ധമുള്ളവർ, യു.എസ് പ്രസിഡന്റിനെയും ജനങ്ങളെയും ശത്രുക്കളായി പ്രഖ്യാപിച്ച് ഭീഷണിപ്പെടുത്തിയവർ എന്നിവരെ വിദേശനയ നിയമങ്ങൾ പ്രകാരം നാടുകടത്താനാണ് തീരുമാനം.
“അമേരിക്കൻ വീസ എന്നത് ഏതൊരു വിദേശിക്കും ലഭിക്കുന്ന ഒരു അവകാശമല്ല, മറിച്ച് നൽകപ്പെടുന്ന പ്രത്യേക ആനുകൂല്യം മാത്രമാണ്” എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നു. രാജ്യത്തെ നിയമങ്ങളെയും ജനങ്ങളുടെ സുരക്ഷയെയും വിലമതിക്കാത്ത ഒരു വിദേശിയെയും വെച്ചുപൊറുപ്പിക്കില്ലെന്നും ഇത്തരക്കാർക്കെതിരെയുള്ള നിയമനടപടികൾ തുടരുമെന്നും വിദേശകാര്യ വകുപ്പ് കൂട്ടിച്ചേർത്തു.
