അഭ്യൂഹങ്ങളില് വീണ്ടും ചൂടുപിടിച്ച് പാകിസ്താന്

ഇസ്ലാമാബാദ്: റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തഹ്രീകെ ഇൻസാഫ് (പി.ടി.ഐ) അധ്യക്ഷനുമായ ഇംറാൻ ഖാന്റെ ആരോഗ്യനിലയെക്കുറിച്ചും ജീവനെക്കുറിച്ചുമുള്ള അഭ്യൂഹങ്ങൾ രാജ്യത്ത് വീണ്ടും ശക്തമാകുന്നു. ജയിലിൽ കഴിയുന്ന ഇംറാൻ ഖാൻ ഇപ്പോൾ ജീവനോടെയുണ്ടാകാൻ സാധ്യതയില്ലെന്ന് യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മുതിർന്ന പാക് മാധ്യമപ്രവർത്തകൻ വജ്ഹത്ത് സഈദ് ഖാൻ വെളിപ്പെടുത്തിയതോടെയാണ് വിഷയം വീണ്ടും കത്തിപ്പടർന്നത്.
ഒരു വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വജ്ഹത്ത് സഈദ് ഞെട്ടിക്കുന്ന പരാമർശം നടത്തിയത്. പാക് സൈന്യത്തിലെ ചില മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2023 മുതൽ ജയിലിൽ കഴിയുന്ന 73കാരനായ ഇംറാൻ ഖാന്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവിടാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ബന്ധുക്കളും പ്രതിപക്ഷവും നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇംറാനെ കാണാനോ സംസാരിക്കാനോ കുടുംബാംഗങ്ങൾക്കും അഭിഭാഷകർക്കും ഭരണകൂടം അനുമതി നിഷേധിക്കുകയാണെന്ന് പി.ടി.ഐ നേതൃത്വം വ്യക്തമാക്കി.
അതേസമയം, പാർട്ടി അധ്യക്ഷന് എന്തെങ്കിലും സംഭവിച്ചാൽ രാജ്യം കടുത്ത പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രിയും പി.ടി.ഐ നേതാവുമായ സൊഹൈൽ അഫ്രീദി മുന്നറിയിപ്പ് നൽകി. ഇംറാനെ കാണാനുള്ള അനുമതി തുടർച്ചയായി നിഷേധിച്ചാൽ രണ്ടു കോടിയിലധികം വരുന്ന ജനങ്ങളെ അണിനിരത്തി തെരുവിലിറങ്ങുമെന്നും, സെപ്റ്റംബർ 27ന് പ്രഖ്യാപിച്ചിരിക്കുന്ന ‘ലോങ് മാർച്ച്’ അതിനുമുമ്പ് തന്നെ ആരംഭിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ പ്രേരിതമായ അഴിമതി, രാജ്യദ്രോഹ കേസുകൾ ചുമത്തിയാണ് ഇംറാൻ ഖാനെ ഭരണകൂടം തടവിൽ പാർപ്പിച്ചിരിക്കുന്നത്. മുൻപും അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് പരന്ന അഭ്യൂഹങ്ങൾ പാകിസ്താനിൽ വൻ ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെച്ചിരുന്നു.
