അപ്പ നേരിട്ട് അനുഗ്രഹിക്കാത്ത ഞങ്ങളുടെ ആദ്യത്തെ വിവാഹ വാർഷികം; ഹൃദയം തൊടുന്ന കുറിപ്പുമായി ശന്തനു

പിതാവും പ്രശസ്ത സംവിധായകനുമായ കെ. ഭാഗ്യരാജിന്റെ വേർപാടിനു ശേഷമുള്ള ആദ്യ വിവാഹവാർഷികത്തിൽ വികാരഭരിതമായ കുറിപ്പുമായി നടൻ ശാന്തനു ഭാഗ്യരാജ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ, സ്നേഹത്തെക്കുറിച്ചും ക്ഷമയെക്കുറിച്ചും ജീവിത പങ്കാളിയുമായി ചേർന്ന് ഒരു ജീവിതം പടുത്തുയർത്തേണ്ടതിനെക്കുറിച്ചും തനിക്ക് പഠിപ്പിച്ചു തന്നതിന് ശാന്തനു പിതാവിന് നന്ദി കുറിച്ചു.
“ഇത് മറ്റെന്തിനേക്കാളും വേറിട്ടൊരു അനുഭവമായി തോന്നുന്നു. അപ്പ നേരിട്ട് അനുഗ്രഹിക്കാത്ത ഞങ്ങളുടെ ആദ്യത്തെ വിവാഹ വാർഷികമാണിത്; മനസ്സിൽ ചെറിയൊരു വേദനയുണ്ട്. എങ്കിലും എവിടെയോ ഇരുന്ന് അദ്ദേഹം എപ്പോഴും ചിരിയോടെ ഞങ്ങളെ അനുഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം.
എവിടെയായിരുന്നാലും അപ്പ… സ്നേഹവും ക്ഷമയും എന്തെന്നും, ഒരാളോടൊപ്പം ചേർന്ന് ജീവിതം കെട്ടിപ്പടുക്കുന്നത് എങ്ങനെയെന്നും പഠിപ്പിച്ചു തന്നതിന് നന്ദി. ഞങ്ങൾ നിങ്ങളെ അഭിമാനിപ്പിക്കുന്നുണ്ടെന്നും അത് തുടരുമെന്നും കരുതുന്നു. ജീവിതത്തിലെ ഏറ്റവും കഠിനമായ ഒരു വർഷത്തിലൂടെയാണ് ഞങ്ങൾ കടന്നുപോയത്. അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ എപ്പോഴും കൂടെയുണ്ടാകുമെന്ന പ്രതീക്ഷയോടെ, കൂടുതൽ ഓർമ്മകളിലേക്ക്…” – ശാന്തനു കുറിച്ചു.
കഴിഞ്ഞ ജൂണിലായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് കെ. ഭാഗ്യരാജ് അന്തരിച്ചത്. പ്രശസ്ത നടി പൂർണിമയാണ് ശാന്തനുവിന്റെ മാതാവ്. 2015-ലായിരുന്നു നടിയും ടെലിവിഷൻ അവതാരകയുമായ കീർത്തിയും (കിക്കി) ശാന്തനുവുമായുള്ള വിവാഹം.
