ഫസ്റ്റ് ക്ലാസിലുള്ളവരും പൈലറ്റുമാരും ഇറങ്ങി, വിമാനത്തിന്റെ ഡോർ തകർക്കാൻ ശ്രമിച്ച് എസി പോലുമില്ലാതെ ക്യാബിനിൽ കുടുങ്ങിയ യാത്രക്കാർ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

അറ്റ്ലാന്റയിൽ ലാൻഡ് ചെയ്ത ഫ്രോണ്ടിയർ വിമാനത്തിൽ എസിയും വെളിച്ചവുമില്ലാതെ മണിക്കൂറുകളോളം കുടുങ്ങിയ യാത്രക്കാർ വാതിൽ തകർക്കാൻ ശ്രമിച്ചു. ഫസ്റ്റ് ക്ലാസ് യാത്രക്കാരെയും പൈലറ്റുമാരെയും മാത്രം ഇറക്കിവിട്ടെന്നാരോപിച്ച് ക്രൂ അംഗങ്ങളുമായി യാത്രക്കാർ സംഘർഷത്തിലായി.
അറ്റ്ലാന്റ: ലാൻഡ് ചെയ്തിട്ടും മണിക്കൂറുകളോളം വിമാനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാർ എയർപോർട്ടിലേക്ക് ഇറങ്ങാൻ വാതിൽ തല്ലിത്തകർക്കാൻ ശ്രമിച്ചു. അമേരിക്കയിലെ അറ്റ്ലാന്റ വിമാനത്താവളത്തിലാണ് എയർകണ്ടീഷണറോ വെളിച്ചമോ ഇല്ലാതെ യാത്രക്കാർ ശ്വാസംമുട്ടി വലഞ്ഞ അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. ഫ്രോണ്ടിയർ എയർലൈൻസിന്റെ വിമാനത്തിലാണ് ഈ ഗുരുതര വീഴ്ചയുണ്ടായത്.
ന്യൂ ഓർലീൻസിൽ നിന്ന് പുറപ്പെട്ട എയർബസ് A321 വിമാനമാണ് സാങ്കേതിക തകരാറുകളെ തുടർന്ന് യാത്രക്കാർക്ക് ദുരിതപൂർണ്ണമായ അനുഭവസമ്മാനിച്ചത്. വിമാനത്തിൽ നിന്ന് പുറത്തിറങ്ങാനുള്ള ജെറ്റ് ബ്രിഡ്ജ് തകരാറിലായതാണ് യാത്രക്കാർക്ക് വിനയായത്.
ഇരുട്ടിലും ചൂടിലും ശ്വാസംമുട്ടി യാത്രക്കാർ
പുറത്തിറങ്ങാനുള്ള ജെറ്റ് ബ്രിഡ്ജിന് സമീപത്തേക്ക് വിമാനം എത്തിയതോടെ എൻജിനുകൾ ഓഫ് ചെയ്തതാണ് ക്യാബിനുള്ളിൽ എസിയും ലൈറ്റുകളും പൂർണ്ണമായി നിലയ്ക്കാൻ കാരണമായത്. ഒരു മണിക്കൂറിലേറെ ഇരുട്ടിൽ ശ്വാസം മുട്ടിയിരുന്ന ശേഷമാണ് യാത്രക്കാർ ബഹളമുണ്ടാക്കി തുടങ്ങിയത്. ഇതിനിടയിൽ വെള്ളം പോലും കിട്ടാതെ കൊടുംചൂടിലിരിക്കേണ്ടി വന്ന യാത്രക്കാരിൽ പലരും തലകറങ്ങി വീഴുകയുണ്ടായി.
എന്നാൽ, ഫസ്റ്റ് ക്ലാസ് യാത്രക്കാരെയും പൈലറ്റുമാരെയും മാത്രം ഇറക്കിവിട്ട് ക്യാബിൻ ജീവനക്കാർ പിൻവാങ്ങിയെന്ന വിവരമാണ് ബഹളം സംഘർഷത്തിലേക്ക് വഴിമാറ്റിയത്. വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരെ പുരുഷ ക്രൂ അംഗങ്ങൾ തടയാൻ ശ്രമിച്ചതോടെ ക്യാബിനിൽ വലിയ കോലാഹലമുണ്ടായി.
സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറൽ
ക്യാബിൻ ക്രൂ അംഗങ്ങളും യാത്രക്കാരും തമ്മിലുള്ള ബഹളത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. 13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ യാത്രക്കാരിയെ ക്രൂ അംഗം തള്ളിപ്പിറകോട്ട് മാറ്റാൻ ശ്രമിക്കുന്നതും സഹയാത്രികർ പ്രതിഷേധിക്കുന്നതും വ്യക്തമായി കാണാം.
യാത്രക്കാർ ദേഹാസ്വസ്ഥ്യം കാണിച്ചിട്ടും ക്രൂ അംഗങ്ങളുടെ ഭാഗത്തുനിന്ന് അനുഭാവപൂർണ്ണമായ നടപടികൾ ഉണ്ടാകാതിരുന്നത് വിമാന കമ്പനിക്കെതിരെ കടുത്ത വിമർശനത്തിന് കാരണമായിട്ടുണ്ട്. ഏതാനും യാത്രക്കാർ പുറത്തിറങ്ങിയതിന് പിന്നാലെ ഗേറ്റിലുണ്ടായ സാങ്കേതിക തകരാറാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഫ്രോണ്ടിയർ എയർലൈൻസിന്റെ ഔദ്യോഗിക വിശദീകരണം.




