ചൂതാട്ട കമ്പനിയുടെ 'പരസ്യതന്ത്രം', യുഎസ് നടന്റെ 'കിഡ്നി സ്റ്റോൺ' ലേലത്തിൽ പോയത് 75,000 ഡോളറിന്!
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കനേഡിയൻ കമ്പനിയുടെ വിചിത്രമായ പരസ്യ തന്ത്രത്തിന്റെ ഭാഗമായി ഹോളിവുഡ് നടൻ വില്യം ഷാറ്റ്നറുടെ വൃക്കയിലെ കല്ല് 75,000 ഡോളറിന് ലേലത്തിൽ വിറ്റു. സഹപ്രവർത്തകരുടെ വിഹിതം കൂടി ചേർത്ത് സമാഹരിച്ച തുക ഉപയോഗിച്ച് ലൂസിയാനയിലെ ഭവനരഹിതരായ അഞ്ച് കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകി താരം മാതൃകയായി.
ലോസ് ആഞ്ചലസ്: കനേഡിയൻ ചൂതാട്ട കമ്പനിയുടെ അപൂർവമായ പരസ്യ തന്ത്രം ഒടുവിൽ വഴിത്തിരിവായത് നിർധനരായ അഞ്ച് കുടുംബങ്ങളുടെ തലചായ്ക്കാനുള്ള ഇടമായി. 'സ്റ്റാർ ട്രെക്ക്' പരമ്പരയിലെ ക്യാപ്റ്റൻ ജെയിംസ് ടി. കിർക്ക് എന്ന കഥാപാത്രത്തിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടൻ വില്യം ഷാറ്റ്നറുടെ (95) വൃക്കയിൽ നിന്ന് നീക്കം ചെയ്ത കല്ലാണ് 75,000 ഡോളറിന് (ഏകദേശം 30–35 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ലേലത്തിൽ വിറ്റുപോയത്.
2006-ൽ നടന്ന സംഭവത്തെക്കുറിച്ച് അടുത്തിടെ ‘Dropping Names with Brent and Jonny’ എന്ന യൂട്യൂബ് പരിപാടിയിലാണ് താരം മനസ്സ് തുറന്നത്. അക്കാലത്ത് 'ബോസ്റ്റൺ ലീഗൽ' എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുകയായിരുന്ന ഷാറ്റ്നറെ, ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ഒരു കനേഡിയൻ ചൂതാട്ട കമ്പനി സമീപിക്കുകയായിരുന്നു. പരസ്യങ്ങൾക്ക് കർശന നിയമനിയന്ത്രണങ്ങളുണ്ടായിരുന്ന കമ്പനി, ശ്രദ്ധ നേടാനായി വ്യത്യസ്തമായൊരു വഴി കണ്ടെത്തുകയായിരുന്നു.
ഡോക്ടറുടെ പക്കൽ നിന്നും തിരികെ വാങ്ങിയ കിഡ്നി സ്റ്റോൺ താരം കമ്പനിക്ക് കൈമാറുകയും, കമ്പനി ഇത് ലേലത്തിന് വെക്കുകയുമായിരുന്നു. അപൂർവമായ ഈ ലേലം വലിയ വാർത്താപ്രാധാന്യം നേടി.
എന്നാൽ ലഭിച്ച പണം സ്വന്തമാക്കാതെ കാരുണ്യപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനായിരുന്നു ഷാറ്റ്നറുടെ തീരുമാനം. ലേലത്തിലൂടെ ലഭിച്ച തുകയോടൊപ്പം 'ബോസ്റ്റൺ ലീഗൽ' പരമ്പരയിലെ സഹപ്രവർത്തകർ നൽകിയ 25,000 ഡോളറും ചേർത്ത് ഒരു ലക്ഷം ഡോളർ സമാഹരിച്ചു. ഈ തുക ഭവനരഹിതർക്ക് വീട് നിർമ്മിച്ചു നൽകുന്ന 'ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി' എന്ന സന്നദ്ധ സംഘടനയ്ക്ക് കൈമാറി. അമേരിക്കയിലെ ലൂസിയാനയിൽ അഞ്ച് കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകാൻ ഈ തുക ഉപയോഗിച്ചതായി ഷാറ്റ്നർ വ്യക്തമാക്കി.
തന്റെ ആരാധകരുമായുള്ള ബന്ധവും അനുഭവങ്ങളും പ്രമേയമാക്കി ഷാറ്റ്നർ രചിച്ച ‘William Shatner… And You’ എന്ന പുതിയ ഓർമക്കുറിപ്പ് ഓഗസ്റ്റ് 31-ന് പുറത്തിറങ്ങിയിരുന്നു.




