പ്രവാസികളുടെ ഗൾഫ് യാത്രയ്ക്ക് ഇനി ചെലവേറും; മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ധന സർചാർജ് 55 ഡോളറോളം വർധിപ്പിച്ചു. ഉയർന്ന ജെറ്റ് ഫ്യുവൽ വില കാരണം പ്രവാസികളുടെ ഗൾഫ് യാത്രകൾക്ക് ഇനി കൂടുതൽ ചെലവ് വരും.
ന്യൂഡൽഹി: ഇൻഡിഗോയ്ക്ക് പിന്നാലെ മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. വിമാന ഇന്ധന വിലയിലുണ്ടായ വൻ വർധനവും ഉയർന്ന പ്രവർത്തനച്ചെലവും ചൂണ്ടിക്കാട്ടിയാണ് ഇരു കമ്പനികളുടെയും നടപടി. മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ ഏകദേശം 55 ഡോളറോളമാണ് (200 ലധികം ദിർഹം) സർചാർജ് വർധിപ്പിച്ചത്. നിരക്ക് കുത്തനെ ഉയർന്നതോടെ മലയാളികളടക്കമുള്ള പ്രവാസികളുടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് വീണ്ടും ചെലവേറും.
ആഗോള ഊർജ്ജ വിപണിയിലെ സമ്മർദ്ദങ്ങളും സമീപകാല ജിയോപൊളിറ്റിക്കൽ മാറ്റങ്ങളും കാരണം വിമാന ഇന്ധനമായ എടിഎഫ് (ATF) വിലയിൽ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായത്. മിഡിൽ ഈസ്റ്റ് സംഘർഷം ആരംഭിച്ചതിനുശേഷം ജെറ്റ് ഫ്യുവൽ വില 70 ശതമാനത്തോളമാണ് വർധിച്ചത്. എയർലൈനുകളുടെ പ്രവർത്തനച്ചെലവ് ക്രമാതീതമായി ഉയർന്ന പശ്ചാത്തലത്തിലാണ് ഈ ആഴ്ച ആദ്യം ഇൻഡിഗോയും സമാനമായ രീതിയിൽ മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ 55 ഡോളർ സർചാർജ് വർധിപ്പിച്ചത്.
പുതിയ നിരക്കുകൾ ബാധകമാകുന്ന സമയക്രമം:
എയർ ഇന്ത്യ എക്സ്പ്രസ്: ഒക്ടോബർ 9ന് പുലർച്ചെ 12:00 മണിക്ക് ശേഷമുള്ള പുതിയ ബുക്കിംഗുകൾക്ക്.
എയർ ഇന്ത്യ: ഒക്ടോബർ 9ന് രാവിലെ 11:00 മണിക്ക് ശേഷമുള്ള പുതിയ ബുക്കിംഗുകൾക്ക്.
സെക്ടറുകൾക്കും റൂട്ടുകൾക്കും അനുസൃതമായി സർചാർജ് തുകയിൽ വ്യത്യാസമുണ്ടാകും. പുതിയ സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യാനുസരണം സർചാർജ് നിരക്കുകളിൽ കാലാകാലങ്ങളിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുമെന്നും എയർലൈനുകൾ വ്യക്തമാക്കിയിട്ടുണ്ട്.




