റിയാദിൽ ഹൂതി ബാലിസ്റ്റിക് മിസൈൽ തകർത്തു; അവശിഷ്ടങ്ങൾ പതിച്ച് കിന്റർഗാർട്ടനും ക്ലിനിക്കുകൾക്കും നാശനഷ്ടം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

റിയാദിലേക്ക് ഹൂതികൾ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമസേന തടഞ്ഞു തകർത്തു. ഇതിന്റെ അവശിഷ്ടങ്ങൾ പതിച്ച് നഗരത്തിലെ കിന്റർഗാർട്ടനും ക്ലിനിക്കിനും ഭാഗികമായി നാശനഷ്ടം സംഭവിച്ചു.
റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിന് നേരെ ഹൂതി മിലിഷ്യകൾ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമസേന തടഞ്ഞു തകർത്തു. വ്യാഴാഴ്ചയായിരുന്നു സംഭവം. വ്യോമപാതയിൽ വെച്ച് മിസൈൽ തകർത്തതിനെ തുടർന്ന് താഴേക്ക് പതിച്ച അവശിഷ്ടങ്ങൾ വീണ് നഗരത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.
മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് പ്രദേശത്തെ കിന്റർഗാർട്ടൻ സ്കൂളിനും മെഡിക്കൽ ക്ലിനിക്ക് സമുച്ചയത്തിനും കേടുപാടുകൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽ ഹമ്മാദി സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് അടിയന്തര മുൻകരുതൽ പ്രോട്ടോക്കോളുകളും രക്ഷാപ്രവർത്തന നടപടികളും സ്ഥലത്ത് പൂർത്തിയാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി ഹൂതി ആക്രമണം
സൗദിയിലെ അബഹ, റിയാദ് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ആക്രമണങ്ങൾ നടന്നതായി ജനറൽ അതോറിറ്റി ഓഫ് സിവില് ഏവിയേഷൻ അറിയിച്ചു. ആക്രമണങ്ങളിൽ മൂന്ന് വിദേശികൾ കൊല്ലപ്പെടുകയും സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ചൊവ്വാഴ്ച അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൊറോക്കൻ, അൾജീരിയൻ സ്വദേശികളായ രണ്ട് വനിതകളാണ് കൊല്ലപ്പെട്ടത്. സ്വദേശികളും ബംഗ്ലാദേശ്, ഫിലിപ്പീൻസ് പൗരന്മാരായ പ്രവാസികളും അടക്കം 28 പേർക്ക് ഇവിടെ പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.
ബുധനാഴ്ച റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ ഒരു സുഡാൻ പൗരൻ മരണപ്പെട്ടു. അഞ്ച് സൗദി സ്വദേശികൾ, ഈജിപ്ഷ്യൻ, പാകിസ്താൻ പൗരന്മാർ എന്നിവരടക്കം എട്ട് പേർക്കാണ് ഇവിടെ പരിക്കേറ്റത്. പരിക്കേറ്റ എല്ലാവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. രണ്ട് ആക്രമണങ്ങളിലും വിമാനത്താവള സമുച്ചയങ്ങൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.




