സൗദിക്ക് നേരെ അതിശക്തമായ ആക്രമണം തുടർന്ന് ഹൂത്തികൾ, റിയാദിന് നേരെ 2 ക്രൂയിസ് മിസൈലുകൾ, തകർത്ത് സൗദി സഖ്യസേന
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സൗദി അറേബ്യ ലക്ഷ്യമാക്കി ഹൂത്തികൾ നടത്തിയ ക്രൂയിസ്-ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ സഖ്യസേന തകർത്തെങ്കിലും, അവശിഷ്ടങ്ങൾ വീണ് നാല് പേർക്ക് പരിക്കേറ്റു. ഇതിന് മറുപടിയായി സഖ്യസേന സനയിലെ ഹൂതികളുടെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്കും മിസൈൽ കേന്ദ്രങ്ങൾക്കും നേരെ ശക്തമായ വ്യോമാക്രമണം നടത്തി.
റിയാദ്: സൗദി അറേബ്യ ലക്ഷ്യമാക്കി ഹൂത്തി വിമതരുടെ കനത്ത ആക്രമണം. തലസ്ഥാനമായ റിയാദിന് നേരെ തൊടുത്തുവിട്ട രണ്ട് ക്രൂയിസ് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന തകർത്തു. മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് നാല് പേർക്ക് പരിക്കേൽക്കുകയും 15 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ധഹ്റാൻ ആസ്ഥാനത്തുള്ള സൗദി അരാംകോയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് നേരെയും ഹൂത്തികളുടെ മിസൈൽ ആക്രമണമുണ്ടായി. സൗദിയുടെ തലസ്ഥാനവും കിഴക്കൻ പ്രവിശ്യയും ലക്ഷ്യമിട്ട് ഹൂതികൾ അയച്ച ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഡ്രോണുകളും തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി സൗദി സഖ്യസേന വ്യക്തമാക്കി.
തുടർച്ചയായ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്നോണം പല എയർലൈനുകളും റിയാദിൽ നിന്നുള്ള വിമാനങ്ങൾ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. സൗദി വ്യോമപാത ഉപയോഗിക്കരുതെന്നും ഹൂതികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗദി അറേബ്യയുടെ സുരക്ഷയ്ക്കോ ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതത്തിനോ ഉണ്ടാകുന്ന ഏത് ഭീഷണിയെയും ശക്തമായി നേരിടുമെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി.
സഖ്യസേനയുടെ തിരിച്ചടി
ഹൂതികളുടെ ആക്രമണത്തിന് പിന്നാലെ ശക്തമായ പ്രത്യാക്രമണവുമായി സൗദി സഖ്യസേന രംഗത്തെത്തി. സനയിലെ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടും അവരുടെ എണ്ണ സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടും ശക്തമായ വ്യോമാക്രമണമാണ് സഖ്യസേന നടത്തിയത്. ഭൂഗർഭ ഇന്ധന ശേഖരങ്ങളും മിസൈൽ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണങ്ങൾ.
സനായുടെ പടിഞ്ഞാറുള്ള അൽ സബഹാ എണ്ണക്കമ്പനിക്കുനേരേയായിരുന്നു സഖ്യസേനയുടെ പ്രധാന ആക്രമണം. എന്നാൽ, ആക്രമണസമയത്ത് ഇവിടെ പെട്രോളിയം ഉത്പന്നങ്ങളോ ഇന്ധനമോ സൂക്ഷിച്ചിരുന്നില്ലെന്നും, നഗരത്തിലെ ഇന്ധനവിതരണത്തെ ഇത് ബാധിക്കില്ലെന്നും ഹൂതി നേതൃത്വം അറിയിച്ചു. ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്നും അവർ വ്യക്തമാക്കി.
യെമനിൽ ആഭ്യന്തര യുദ്ധം രൂക്ഷം
ഇതിനിടെ യെമനിൽ ആഭ്യന്തര യുദ്ധം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. യെമനിലെ മൂന്നാമത്തെ വലിയ നഗരമായ തായിസ് തങ്ങൾ പിടിച്ചെടുത്തതായി ഹൂതികൾ അവകാശപ്പെട്ടു. ഇത് സംബന്ധിച്ച ദൃശ്യങ്ങളും അവർ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ നഗരം പൂർണ്ണമായും വളഞ്ഞ് ഹൂതികൾ ഉപരോധത്തിലാക്കിയിരിക്കുകയാണെന്നാണ് പുറത്തുവരുന്ന മറ്റ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച ഇരുവിഭാഗവും പരസ്പരം നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് യെമനിലെ സംഘർഷാവസ്ഥ കൂടുതൽ തീവ്രമായത്.




