2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സൗദി വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 01:31 PM
പങ്കുവെക്കുക:
സൗദി വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ
സൗദി വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണം; ശക്തമായി അപലപിച്ച് യുഎഇകേരളപ്രഭാതം

സൗദിയിലെ അബഹ, റിയാദ് വിമാനത്താവളങ്ങൾക്ക് നേരെ ഹൂതികൾ നടത്തിയ ഭീകരാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തെ ശക്തമായി അപലപിച്ച യുഎഇ, സൗദിയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

അബുദാബി: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെ ഹൂതി വിഭാഗം നടത്തിയ ഭീകരാക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചു. ആക്രമണങ്ങളിൽ മൂന്ന് വിദേശ പൗരന്മാർ കൊല്ലപ്പെടുകയും സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൗദിയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും രാജ്യം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ചൊവ്വാഴ്ചയും ബുധനാഴ്ചയുമായാണ് വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണമുണ്ടായതെന്ന് സൗദി സിവില്‍ ഏവിയേഷൻ ജനറൽ അതോറിറ്റി വ്യക്തമാക്കി. ചൊവ്വാഴ്ച അബഹ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ മൊറോക്കോ, അൾജീരിയൻ സ്വദേശികളായ രണ്ട് വനിതകളാണ് കൊല്ലപ്പെട്ടത്. ഇവിടെ ബംഗ്ലാദേശ്, ഫിലിപ്പീൻസ് പൗരന്മാരും സൗദി സ്വദേശികളും അടക്കം 28 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ സുഡാനീസ് പൗരനാണ് മരണപ്പെട്ടത്. അഞ്ച് സൗദി സ്വദേശികളും ഈജിപ്ത്, പാകിസ്താൻ പൗരന്മാരും ഉൾപ്പെടെ എട്ടുപേർക്ക് ഇവിടെയും പരിക്കേറ്റു.

പരിക്കേറ്റവരെ അടിയന്തര വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആക്രമണത്തിൽ ഇരു വിമാനത്താവള സമുച്ചയങ്ങൾക്കും ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

ആക്രമണങ്ങൾ സൗദിയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും മേഖലയുടെ സുസ്ഥിരതയ്ക്ക് കടുത്ത ഭീഷണിയാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സൗദിയുടെ സുരക്ഷയ്ക്കും സമാധാനത്തിനുമായി ഒപ്പമുണ്ടാകുമെന്നും യുഎഇ ഐക്യദാർഢ്യം ആവർത്തിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)