13 യുഎസ് സൈനികരെ കൂട്ടക്കൊല ചെയ്ത മുൻ മേജർ നിദാൽ ഹസ്സന്റെ വധശിക്ഷ തത്സമയം കാണിക്കും, ഫയറിംഗ് സ്ക്വാഡ് ഉപയോഗിച്ച് വധശിക്ഷ, അപൂർവ്വം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

2009-ലെ ഫോർട്ട് ഹൂഡ് വെടിവെപ്പിൽ 13 സൈനികരെ കൊലപ്പെടുത്തിയ മുൻ മേജർ നിദാൽ ഹസ്സന്റെ വധശിക്ഷ ഡിസംബർ 3-ന് ഫയറിംഗ് സ്ക്വാഡ് ഉപയോഗിച്ച് നടപ്പാക്കും. ഈ അപൂർവ്വ ശിക്ഷാനടപടി തത്സമയം സംപ്രേഷണം ചെയ്യുമെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
വാഷിങ്ടൺ: 2009-ൽ ഫോർട്ട് ഹൂഡിൽ നിരായുധരായ 13 യുഎസ് സൈനികരെ വെടിവെച്ചുകൊന്ന മുൻ സൈനിക മേജർ നിദാൽ ഹസ്സന്റെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാൻ ഒരുങ്ങി യുഎസ് പ്രതിരോധ മന്ത്രാലയമായ പെന്റഗൺ. വരും ഡിസംബർ മൂന്നിന് ഫയറിംഗ് സ്ക്വാഡ് ഉപയോഗിച്ച് ശിക്ഷ നടപ്പാക്കുമെന്നും ഇത് പൊതുജനങ്ങൾക്ക് തത്സമയം കാണാൻ അവസരമൊരുക്കുമെന്നും പെന്റഗൺ വക്താവ് സ്ഥിരീകരിച്ചു.
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നൽകിയ അഭിമുഖത്തിന് പിന്നാലെയാണ് പെന്റഗൺ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. ഇത്തരം ക്രൂരകൃത്യങ്ങൾക്ക് കടുത്ത ശിക്ഷതന്നെ ഉണ്ടാകുമെന്ന സന്ദേശം പൊതുജനങ്ങൾക്ക് നൽകാനാണ് തീരുമാനമെന്നും ഫയറിംഗ് സ്ക്വാഡ് രീതിക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ് സൈന്യത്തിൽ മേജറും ആർമി സൈക്യാട്രിസ്റ്റുമായിരുന്ന നിദാൽ ഹസ്സൻ 2009 നവംബർ അഞ്ചിനാണ് ഫോർട്ട് ഹൂഡ് സൈനിക താവളത്തിൽ വൻ കൂട്ടക്കൊല നടത്തിയത്. മെഡിക്കൽ ക്ലിയറൻസിനും പ്രതിരോധ കുത്തിവയ്പ്പുകൾക്കുമായി ക്യൂവിൽ കാത്തുനിൽക്കുകയായിരുന്ന സഹപ്രവർത്തകർക്കുനേരെ ഹസ്സൻ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ 13 പേർ കൊല്ലപ്പെടുകയും 31 ഓളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
തുടർന്ന് 2013-ൽ യുഎസ് സൈനിക കോടതിയാണ് ഹസ്സന് വധശിക്ഷ വിധിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് യുഎസ് സൈന്യം ഫയറിംഗ് സ്ക്വാഡ് ഉപയോഗിച്ച് വധശിക്ഷ നടപ്പിലാക്കുന്നത്. ഒന്നിലധികം പേർ ഒരേസമയം റൈഫിളുകൾ ഉപയോഗിച്ച് വെടിയുതിർക്കുന്ന രീതിയാണിത്. 1961-ന് ശേഷം യുഎസ് സൈന്യം നടപ്പാക്കുന്ന ആദ്യ വധശിക്ഷ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. തത്സമയ സംപ്രേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പെന്റഗൺ പുറത്തുവിടും.




