സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ വീരതാ പുരസ്കാരം; ആക്രമണത്തെക്കുറിച്ചുള്ള ഇസ്രയേൽ റിപ്പോർട്ടുകൾ ഞെട്ടിക്കുന്നത്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

വിമാനത്തിൽ സഹപൈലറ്റിന്റെ അക്രമം ചെറുത്ത് 174 പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ വീരതാ പുരസ്കാരം. വിമാനം തകർക്കാനുള്ള നീക്കം രക്തസ്രാവത്തിനിടയിലും കോക്പിറ്റ് തുറന്ന് യാത്രക്കാരുടെ സഹായത്തോടെ പൈലറ്റ് തടയുകയായിരുന്നു.
ടെൽ അവീവ്: ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ അക്രമശ്രമം ജീവൻ പണയപ്പെടുത്തി ചെറുത്തുതോൽപ്പിക്കുകയും 174 യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും ജീവൻ രക്ഷിക്കുകയും ചെയ്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ വീരതാ പുരസ്കാരം. അക്രമിയായ സഹപൈലറ്റിനെ കീഴടക്കാൻ സഹായിച്ച അഞ്ച് ഇസ്രായേൽ പൗരന്മാർക്കും പ്രസിഡന്റ് ഐസക് ഹെർസോഗ് വീരതാ പുരസ്കാരം സമ്മാനിച്ചു.
ആരോഗ്യനില വീണ്ടെടുത്ത ശേഷം ക്യാപ്റ്റൻ മച്ഛാറിന് സ്റ്റേറ്റ് ഓഫ് ഇസ്രായേലിന്റെ 'പ്രെസിഡെൻഷ്യൽ അവാർഡ് ഫോർ സിവിലിയൻ ഹീറോയിസം' നേരിട്ട് നൽകുമെന്ന് ഇസ്രായേൽ പ്രസിഡന്റ് പ്രഖ്യാപിച്ചു.
ഒമാൻ പൗരനായ സഹപൈലറ്റ് ഹമ്മാം അൽ-ഹമ്മാമി കോക്പിറ്റിലുണ്ടായിരുന്ന കോടാലി (Ax) ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ മച്ഛാറിന് തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു. കഠിനമായ രക്തസ്രാവം വകവെക്കാതെ സാഹസികമായി കോക്പിറ്റ് വാതിൽ തുറക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതാണ് വൻ ദുരന്തം ഒഴിവാക്കിയത്. വാതിൽ തുറന്നതോടെ ഇസ്രായേലി യാത്രക്കാർ അകത്തുകടന്ന് അക്രമിയെ കീഴടക്കുകയായിരുന്നു. പരിക്കേറ്റ ഇന്ത്യൻ പൈലറ്റ് നിലവിൽ യു.എ.ഇയിലെ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ സുഖം പ്രാപിച്ചുവരികയാണ്.
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്റലിജൻസ്
അതിനിടെ, സംഭവത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇസ്രായേൽ ഇന്റലിജൻസ് പുറത്തുവിട്ടിരിക്കുന്നത്. വിമാനത്തിന്റെ നിയന്ത്രണം പൂര്ണ്ണമായി ഏറ്റെടുത്ത് ടെൽ അവീവിലേക്ക് പറത്തിക്കൊണ്ടുപോയി ജനവാസ കേന്ദ്രത്തിലെ കെട്ടിടത്തിൽ ഇടിച്ചിറക്കാനായിരുന്നു അൽ-ഹമ്മാമി പദ്ധതിയിട്ടിരുന്നത്. എന്നാൽ, ക്യാപ്റ്റൻ സ്മിത് മച്ഛാറിന്റെ ശക്തമായ പ്രതിരോധം ഈ നീക്കം തകർക്കുകയായിരുന്നു.
തുടർന്ന് വിമാനം മരുഭൂമിയിൽ തകർത്തിടാൻ അക്രമി ശ്രമിച്ചെങ്കിലും വിമാനത്തിലുണ്ടായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റുമാരും യാത്രക്കാരും ഇടപെട്ട് വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുത്തു. തുടർന്ന് വിമാനം സൗദി അറേബ്യയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.
മച്ഛാറിന്റെ സമാനതകളില്ലാത്ത ധൈര്യത്തെയും പ്രൊഫഷണലിസത്തെയും ഇസ്രായേൽ പ്രസിഡന്റ് വാനോളം പുകഴ്ത്തി. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടൽ ലോകത്തെ നടുക്കുമായിരുന്ന വലിയൊരു ദുരന്തമാണ് ഒഴിവാക്കിയതെന്നും പൈലറ്റ് വേഗത്തിൽ പൂർണ്ണ ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.




