ജർമനിയിൽ പെൺകുട്ടിക്ക് നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; കാറിന്റെ ഡിക്കിയിൽനിന്ന് റോബോട്ടിനെ പിടികൂടി പൊലീസ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ജർമനിയിലെ കൊളോണിൽ റെസ്റ്റോറന്റിന് പുറത്തുവെച്ച് പതിനാറുകാരിക്ക് നേരെ അയൺമാൻ മാതൃകയിലുള്ള റോബോട്ട് ലൈംഗികാതിക്രമം നടത്തി. സംഭവത്തിൽ റോബോട്ട് ഉടമയായ കൗമാരക്കാരനും സുഹൃത്തിനുമെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊളോൺ: ജർമനിയിൽ റോബോട്ട് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. കൊളോൺ നഗരത്തിൽ ഒരു റെസ്റ്റോറന്റിന് പുറത്തുവെച്ച് ഹ്യൂമനോയിഡ് റോബോട്ടാണ് പതിനാറുകാരിയെ കയറിപ്പിടിച്ചത്. സംഭവത്തിൽ റോബോട്ടിന്റെ ഉടമയായ കൗമാരക്കാരനും സുഹൃത്തിനും എതിരെ കൊളോൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം റെസ്റ്റോറന്റിന് പുറത്തുനിൽക്കുകയായിരുന്ന പെൺകുട്ടിക്ക് അടുത്തേക്ക് നാലടി ഉയരമുള്ള റോബോട്ട് നടന്നെത്തുകയായിരുന്നു. മാർവൽ സൂപ്പർഹീറോയായ 'അയൺമാനിന്റെ' മാതൃകയിലുള്ളതായിരുന്നു ഈ റോബോട്ട്.
റോബോട്ടിനെ കൗതുകത്തോടെ ആശ്ലേഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇത് പെൺകുട്ടിയുടെ ശരീരത്തിൽ അനുചിതമായ രീതിയിൽ സ്പർശിക്കുകയും അതിക്രമം കാട്ടുകയുമായിരുന്നു. ഭയന്നുപോയ പെൺകുട്ടി ബഹളം വെച്ച് പിന്നിലേക്ക് മാറിയതോടെയാണ് രംഗം ശാന്തമായത്.
അതിനിടെ, റോബോട്ടിന്റെ ഉടമയായ 16-കാരനും ഒപ്പമുണ്ടായിരുന്ന 19-കാരനായ സുഹൃത്തും ഈ അതിക്രമം മൊബൈലിൽ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ ലൈവ് സ്ട്രീം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ പെൺകുട്ടി ഉടൻ തന്നെ പൊലീസിൽ പരാതി നൽകി.
തുടർന്ന് പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ സമീപത്ത് നിർത്തിയിട്ടിരുന്ന ഒരു കാറിന്റെ ഡിക്കിയിൽ (ഡിഗിയിൽ) ഒളിപ്പിച്ച നിലയിൽ റോബോട്ടിനെ കണ്ടെത്തുകയായിരുന്നു. റോബോട്ട് കസ്റ്റഡിയിലെടുത്ത പൊലീസ്, പ്രതികളുടെ മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.




