2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

വെസ്റ്റ് ബാങ്കിൽ പലസ്തീൻകാരെ ഒഴിപ്പിക്കാൻ ആടുകളേയും ആയുധമാക്കുന്നതായി റിപ്പോർട്ട്, നേതൃത്വം നൽകി ഹിൽ ടോപ്പ് യൂത്ത്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 12, തിങ്കൾ | 03:32 PM
പങ്കുവെക്കുക:
വെസ്റ്റ് ബാങ്കിൽ പലസ്തീൻകാരെ ഒഴിപ്പിക്കാൻ ആടുകളേയും ആയുധമാക്കുന്നതായി റിപ്പോർട്ട്, നേതൃത്വം നൽകി ഹിൽ ടോപ്പ് യൂത്ത്
വെസ്റ്റ് ബാങ്കിൽ പലസ്തീൻകാരെ ഒഴിപ്പിക്കാൻ ആടുകളേയും ആയുധമാക്കുന്നതായി റിപ്പോർട്ട്, നേതൃത്വം നൽകി ഹിൽ ടോപ്പ് യൂത്ത്കേരളപ്രഭാതം

വെസ്റ്റ് ബാങ്കിൽ പലസ്തീൻകാരെ കുടിയൊഴിപ്പിക്കാൻ ഇസ്രയേൽ കുടിയേറ്റക്കാർ ആടുകളെ ആയുധമാക്കുന്നതായി റിപ്പോർട്ട്; 'ഹിൽ ടോപ്പ് യൂത്ത്' എന്ന തീവ്രഗ്രൂപ്പാണ് ഇതിന് നേതൃത്വം നൽകുന്നത്.

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിൽ പലസ്തീൻ ജനതയെ സ്വന്തം ഭൂമിയിൽ നിന്ന് വേരോടെ പിഴുതെറിയാൻ കന്നുകാലികളെയും ആയുധമാക്കി ഇസ്രയേൽ കുടിയേറ്റക്കാരുടെ കയ്യേറ്റം. വർഷങ്ങളായി തലമുറകളായി ഇടയന്മാർ താമസിക്കുന്ന കുന്നിൻ പ്രദേശങ്ങളിലേക്ക് ആട്ടിൻകൂട്ടങ്ങളെ മുന്നിൽ നിർത്തി പലസ്തീനികളെ ഭയന്നോടിക്കാൻ ശ്രമിക്കുന്നതായാണ് 'സി.ബി.എസ് ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നത്. ആറ് പതിറ്റാണ്ടിലേറെയായി ഇസ്രയേൽ സൈന്യം ഈ മേഖലയിൽ പിടിമുറുക്കിയിട്ടുണ്ട്. വെസ്റ്റ് ബാങ്ക് ഇസ്രയേലുമായി പൂർണ്ണമായി കൂട്ടിച്ചേർത്തേക്കുമെന്ന ലക്ഷ്യത്തോടെ നിരവധി അനധികൃത സെറ്റിൽമെന്റുകളാണ് ഇവിടെ നിലവിലുള്ളത്.

രാജ്യാതിർത്തികൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സമീപകാലത്തായി ഇരുന്നൂറോളം പുതിയ ആട്ടുഫാമുകളാണ് വെസ്റ്റ് ബാങ്കിൽ മാത്രം ആരംഭിച്ചിട്ടുള്ളത്. ഇതിലൂടെ വെസ്റ്റ് ബാങ്കിന്റെ ഏകദേശം ഇരുപത് ശതമാനത്തോളം ഭാഗം കുടിയേറ്റക്കാർ ഇതിനോടകം കൈയടക്കിക്കഴിഞ്ഞു. ഈ ഫാമുകളിലെ ആടുകളെ പലസ്തീൻ ഗ്രാമങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും വീടുകളുടെ മുറ്റങ്ങളിലേക്കും മനഃപൂർവം തള്ളിവിടുന്നതാണ് ഇവരുടെ പുതിയ രീതി. തങ്ങൾ ആടുകളെ മേയിക്കുന്ന ഭൂമി ഇനിമുതൽ ഇസ്രയേൽ കുടിയേറ്റക്കാരുടേതാണെന്നും, പലസ്തീനികൾ ഇവിടെ കൃഷി ചെയ്യാനോ നിർമ്മാണപ്രവർത്തനങ്ങൾ നടത്താനോ പാടില്ലെന്നും പ്രഖ്യാപിച്ചാണ് ഭീകരവാദ സ്വഭാവത്തിലുള്ള ഈ ഭൂമി കൈയേറ്റം.

പതിറ്റാണ്ടുകളായി സ്വന്തം പേരിലുള്ള ആധാരങ്ങളും രേഖകളുമുള്ള ഭൂമിയിൽ ജീവിക്കുന്ന സാധാരണക്കാരായ പലസ്തീനികൾക്ക് ഇതോടെ സ്വന്തം വീടുകളിലേക്ക് പോലും പ്രവേശിക്കാൻ കഴിയാത്ത ദയനീയാവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഇത്തരത്തിലുള്ള നിരന്തരമായ കടന്നുകയറ്റങ്ങൾ മൂലം നൂറിലധികം പലസ്തീൻ ഗ്രാമങ്ങളാണ് ഇതിനോടകം പൂർണ്ണമായി വിജനമാക്കപ്പെടുകയോ ജനങ്ങളെ കുടിയൊഴിപ്പിക്കുകയോ ചെയ്തത്.

ഈ അതിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് 'ഹിൽ ടോപ്പ് യൂത്ത്' (Hilltop Youth) എന്ന പേരിൽ അറിയപ്പെടുന്ന തീവ്ര ഇസ്രയേൽ നിലപാടുകൾ പുലർത്തുന്ന കൗമാരക്കാരും യുവാക്കളുമാണ്. പലസ്തീനികളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒലിവ് മരങ്ങൾ വെട്ടിമാറ്റുക, കാറുകൾക്ക് തീയിടുക, വീടുകളും സ്വത്തുക്കളും അടിച്ചുതകർക്കുക തുടങ്ങിയ കിരാത നടപികളാണ് ഇവർ നടപ്പിലാക്കുന്നത്. ഭൂമിവിട്ടുനൽകാൻ തയ്യാറാകാത്ത പലസ്തീനികളെ നേരെ വെടിവെച്ചു കൊല്ലുന്നതുൾപ്പെടെയുള്ള ക്രൂരതകളും മേഖലയിൽ അരങ്ങേറുന്നുണ്ട്.

പലസ്തീനികൾക്ക് അന്താരാഷ്ട്ര നിയമപ്രകാരം സംരക്ഷണം നൽകേണ്ട ഇസ്രായേലി സൈന്യം പലപ്പോഴും ഈ കുടിയേറ്റക്കാർക്ക് എല്ലാവിധ ഒത്താക്ഷികളും ചെയ്തുനൽകുന്നതായാണ് മനുഷ്യാവകാശ സംഘടനകളുടെയും പ്രദേശവാസികളുടെയും ആരോപണം. സ്വന്തം മണ്ണിൽ നിന്ന് പലസ്തീനികളെ ആട്ടിയോടിക്കാൻ പട്ടാളവും സജീവമായി സഹായിക്കുന്നു.

അതേസമയം, ഈ ഭരണകൂട ഭീകരതയ്ക്കും അനീതിക്കുമെതിരെ ചെറുത്തുനിൽപ്പുമായി 'സൺസ് ഓഫ് അബ്രഹാം' എന്ന പേരിൽ ഒരുകൂട്ടം ഇസ്രയേലി സമാധാന പ്രവർത്തകരും രംഗത്തുണ്ട്. കുടിയേറ്റക്കാരുടെ നൃശംസകളിൽ നിന്ന് പലസ്തീനികളെ സംരക്ഷിക്കാൻ ഇവർ മനുഷ്യകവചമായി നിലകൊള്ളുന്നുണ്ടെങ്കിലും മേഖലയിലെ അക്രമങ്ങളുടെ തീവ്രത ഒട്ടും കുറഞ്ഞിട്ടില്ല. ഇസ്രായേലി ഭരണകൂടവും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇത്തരം അതിക്രമങ്ങളെ പുറമെ തള്ളിപ്പറയുമ്പോഴും, ഈ ആട്ടുഫാമുകൾക്ക് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായവും അത്യാധുനിക സജ്ജീകരണങ്ങളും നൽകി സർക്കാർ രഹസ്യമായി പിന്തുണയ്ക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)