ഹൂത്തികൾക്കെതിരായ യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സൗദി; ബലിസ്റ്റിക് മിസൈൽ ശൃംഖല തകർക്കുമെന്ന് പ്രഖ്യാപനം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഹൂത്തികളുടെ മിസൈൽ ശൃംഖല തകർക്കുമെന്നും പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സൗദി വ്യക്തമാക്കി.
റിയാദ്: യെമനിലെ ഹൂത്തി വിമതർക്കെതിരായ സൈനിക നീക്കം ശക്തമാക്കി സൗദി അറേബ്യ. ഹൂത്തികളുടെ ബലിസ്റ്റിക് മിസൈൽ ശൃംഖല പൂർണ്ണമായി തകർക്കുമെന്നും യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സൗദി വ്യക്തമാക്കി. യെമൻ ഔദ്യോഗിക സേനയ്ക്ക് 24 മണിക്കൂറും സൗദി വ്യോമസേനാ പിന്തുണ ഉറപ്പുനൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിമതരുടെ ശക്തികേന്ദ്രമായ തലസ്ഥാനം സൻആ ഉൾപ്പെടെയുള്ള മേഖലകളിൽ വ്യോമാക്രമണം ആരംഭിച്ചു. ഇതുവരെ 136 ഹൂത്തി കേന്ദ്രങ്ങൾ തകർത്തതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തെ എയർപോർട്ടുകൾ, എണ്ണപ്പാടങ്ങൾ, റിഫൈനറികൾ എന്നിവ ലക്ഷ്യമിട്ടുള്ള ഹൂത്തികളുടെ ആക്രമണശൈലിക്ക് മുന്നിൽ മുട്ടുകുത്തില്ലെന്നാണ് സൗദി നിലപാട്. സൻആ, സആദ, ഹുദൈദ എന്നീ നഗരങ്ങൾ ഹൂത്തികളിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യെമൻ കരസേന മുന്നേറുന്നത്. തന്ത്രപ്രധാനമായ ബാബ് അൽ മന്ദബ് മേഖലയിൽ യെമൻ സംയുക്ത സേന വലിയ മുന്നേറ്റം നടത്തിയതായും, സൗദി പിന്തുണയോടെ പ്രദേശം ശുദ്ധീകരിച്ചതായും വ്യക്തമാക്കുന്ന ആകാശദൃശ്യങ്ങൾ സേന പുറത്തുവിട്ടു.
ഹൂത്തികൾക്കെതിരെ ഇതുവരെ നടത്തിയ വ്യോമാക്രമണങ്ങൾ 2750 കവിഞ്ഞു. വിമതരുടെ ആക്രമണ ശേഷി ഓരോന്നായി തകർക്കുകയാണ് നിലവിലെ നീക്കത്തിന്റെ ലക്ഷ്യം. എങ്കിലും, ഹൂത്തികൾക്ക് ശക്തമായ സ്വാധീനമുള്ള തലസ്ഥാനമായ സൻആ തിരിച്ചുപിടിക്കുന്നത് സങ്കീർണ്ണവും സമയമെടുക്കുന്നതുമായ ദൗത്യമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.




