കുവൈത്തിൽ വരും മാസങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴയ്ക്ക് സാധ്യത; അടിയന്തര തയ്യാറെടുപ്പുകൾ ശക്തമാക്കാൻ നിർദ്ദേശം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

**കുവൈത്തിൽ വരും മാസങ്ങളിൽ സാധാരണയിൽ കൂടുതൽ മഴ പ്രവചിച്ചതിനെ തുടർന്ന് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സർക്കാർ മുൻകരുതലുകൾ ഊർജിതമാക്കി.** ഡ്രെയിനേജ് സംവിധാനങ്ങൾ ശുചീകരിച്ചും ഫയർഫോഴ്സ് അടക്കമുള്ള വകുപ്പുകളെ സജ്ജമാക്കിയും പൊതുമരാമത്ത് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് അടിയന്തര പ്രതിരോധ നടപടികൾ പുരോഗമിക്കുന്നത്.
കുവൈത്ത് സിറ്റി: ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ രാജ്യത്ത് സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ, മഴക്കാലത്തെ അടിയന്തര സാഹചര്യങ്ങളും വെള്ളക്കെട്ടുകളും നേരിടാൻ സർക്കാർ വകുപ്പുകൾ തയ്യാറെടുപ്പുകൾ ഊർജിതമാക്കി.
മഴയും വെള്ളപ്പൊക്കവും പ്രതിരോധിക്കുന്നതിനുള്ള പ്രത്യേക സമിതി യോഗത്തിൽ പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മിഷാൻ അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഡ്രെയിനേജ് സംവിധാനങ്ങൾ വൃത്തിയാക്കുന്നതും പമ്പിങ് സ്റ്റേഷനുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതും യോഗം വിലയിരുത്തി.
വെള്ളക്കെട്ടിന് സാധ്യതയുള്ള പ്രദേശങ്ങളിൽ അടിയന്തര ഇടപെടലുകൾ നടത്തുന്നതിനായി ആവശ്യമായ ജീവനക്കാരെയും സജ്ജീകരണങ്ങളെയും ഒരുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രി നിർദ്ദേശം നൽകി. ജനങ്ങളുടെ ജീവനും സ്വത്തിനും പൂർണ്ണ സംരക്ഷണം ഉറപ്പാക്കാൻ വിവിധ സർക്കാർ ഏജൻസികളുടെ ഏകോപനം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കുവൈത്ത് ഫയർഫോഴ്സും മഴക്കാല തയ്യാറെടുപ്പുകൾ അവലോകനം ചെയ്ത് സജ്ജമായിക്കഴിഞ്ഞു.




