ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം, രണ്ട് ഇന്ത്യൻ നാവികരെ കാണാതായി; അപലപിച്ച് ഇന്ത്യ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനു നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി; ഒൻപത് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
ദുബായ്: ഒമാൻ തീരത്തിന് സമീപം നിക്കരാഗ്വ പതാകയേന്തിയ വാണിജ്യ കപ്പലിനു നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. എം.ടി പെട്രോ ഡോൾഫിൻ (MT Petro Dolphin) എന്ന കപ്പലിന് നേരെയാണ് ഞായറാഴ്ച സോഹാർ ആങ്കറേജിൽ വെച്ച് ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ ജീവനക്കാരിൽ 9 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി കേന്ദ്ര തുറമുഖ ഷിപ്പിങ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
പശ്ചിമേഷ്യയിൽ ആഞ്ഞുവീശുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമുദ്രപാതകളിലെ സുരക്ഷ അതീവ ആശങ്കാജനകമായി തുടരുകയാണ്. കാണാതായ ഇന്ത്യൻ പൗരന്മാരെ കണ്ടെത്താൻ പ്രാദേശിക കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ഊർജിതമായ തെരച്ചിൽ പുരോഗമിക്കുകയാണെന്നും, ഒമാനിലെ ഇന്ത്യൻ എംബസിയുമായി ചേർന്ന് ആവശ്യമായ എല്ലാ നടപടികളും ഏകോപിപ്പിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
വാണിജ്യ കപ്പലുകൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, നിലവിലുള്ള സാഹചര്യം കൂടുതൽ വഷളാക്കാൻ മാത്രമേ ഇത് ഇടയാക്കൂ എന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അപലപിച്ചു. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും അടിയന്തരമായി സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
അതിനിടെ, സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ശനിയാഴ്ച ഉണ്ടായ ഹൂതി ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെയുള്ളവർക്ക് ജീവൻ നഷ്ടമാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലും ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സിവിലയൻ ജീവനുകൾ ലക്ഷ്യമിട്ടുള്ള ഇത്തരം നടപടികൾ തികച്ചും അസ്വീകാര്യമാണെന്നും പശ്ചിമേഷ്യയിൽ എത്രയും പെട്ടെന്ന് സമാധാനം ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.




