അബുദാബി-ദുബായ് യാത്ര ഇനി മാറും; ഈ പുതിയ സർവീസ് കണ്ടോ?
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

അബുദാബി-ദുബായ് യാത്ര ഇനി മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ഒരു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാം. 29 ദിർഹം മുതൽ ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്ന ഇത്തിഹാദ് റെയിലിന്റെ പുതിയ യാത്രാ ട്രെയിൻ സർവീസുകൾ ദുബായിൽ നിന്ന് ഫുജൈറയിലേക്കും ലഭ്യമാണ്.
ദുബൈ: യു.ഇ.ഇയിലെ യാത്രാരംഗത്ത് ചരിത്രപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി ഇത്തിഹാദ് റെയിലിന്റെ പുതിയ യാത്രാ ട്രെയിൻ സർവീസുകൾ ഔദ്യോഗികമായി ആരംഭിച്ചു. അബുദാബിയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന പുതിയ പാതയിലൂടെ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലാണ് ട്രെയിനുകൾ കുതിക്കുന്നത്. ദുബായിൽ നിന്ന് ഫുജൈറയിലേക്കും പുതിയ റെയിൽ ബന്ധം നിലവിൽ വന്നിട്ടുണ്ട്.
അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ നിന്ന് ദുബായ് ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സിലെ അൽ യലായിസ് സ്റ്റേഷനിലേക്കാണ് പ്രധാന സർവീസ്. ഇരുദിശകളിലുമായി പ്രതിദിനം സർവീസുകൾ ലഭ്യമാണ്. ഒരൂ മണിക്കൂറിലേറെ സമയമാണ് യാത്രാദൈർഘ്യം.
ടിക്കറ്റ് നിരക്കുകൾ: കംഫർട്ട് ക്ലാസ് ടിക്കറ്റുകൾക്ക് 29 ദിർഹം മുതൽ തുടക്കം. പ്രീമിയം ക്ലാസിന് 89 ദിർഹം മുതലാണ് നിരക്ക്. യാത്രക്കാരുടെ സൗകര്യാർത്ഥം സേവർ, വാല്യൂ, ഫ്ലെക്സ് എന്നിങ്ങനെ വിവിധ ടിക്കറ്റ് കാറ്റഗറികളും ലഭ്യമാണ്.
യാത്രാ സൗകര്യങ്ങൾ: ഒരു ട്രെയിനിൽ ഒരേസമയം 400 യാത്രക്കാർക്ക് സഞ്ചരിക്കാം. ഇതിൽ 56 സീറ്റുകൾ കംഫർട്ട് ക്ലാസിനും 16 സീറ്റുകൾ പ്രീമിയം ക്ലാസിനുമായി സജ്ജീകരിച്ചിരിക്കുന്നു. സൗജന്യ വൈഫൈ, വിശ്രമമുറികൾ, ഭക്ഷണശാലകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളും സ്റ്റേഷനിലുണ്ട്.
മറ്റ് ഗതാഗത സംവിധാനങ്ങൾ: ദുബായ് അൽ യലായിസ് സ്റ്റേഷനിൽ നിന്ന് മെട്രോ റെഡ് ലൈനിലെ ജെ.എൽ.ടി സ്റ്റേഷനിലേക്ക് ഫുട്ബ്രിഡ്ജ് സൗകര്യവും എഫ്38 ഫീഡർ ബസ് സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വാഹനങ്ങൾക്കായി പാർക്കിങ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, സ്റ്റേഷനുകളിലെ ടിക്കറ്റ് വെൻഡിങ് മെഷീനുകൾ എന്നിവ വഴി യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.




