റിയാദിന് നേരെ ആക്രമണം തുടർന്ന് ഹൂതികൾ ; ഇന്ത്യാക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി; 'പുറത്തിറങ്ങരുത്'
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

റിയാദിന് നേരെ ഹൂതികളുടെ തുടർച്ചയായ മിസൈൽ ആക്രമണം; കിംഗ് ഖാലിദ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം. സുരക്ഷാ സാഹചര്യത്തിൽ എയർ ഇന്ത്യ സർവീസ് നിർത്തി; ഇന്ത്യക്കാർ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് എംബസിയുടെ ജാഗ്രതാ നിർദേശം.
റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിന് നേരെ യെമനിലെ ഹൂതി വിമതരുടെ ആക്രമണം തുടരുന്നു. 24 മണിക്കൂറിനിടെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ മൂന്നാം തവണയും ആക്രമണമുണ്ടായി. നജ്റാൻ വിമാനത്താവളത്തിനും നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്.
മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് റിയാദിലെ നഴ്സറിയ്ക്കും മെഡിക്കൽ കോംപ്ലക്സിനും കേടുപാടുകൾ സംഭവിച്ചു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വിമാനക്കമ്പനികളിൽനിന്ന് കൃത്യമായ അറിയിപ്പ് ലഭിച്ച ശേഷം മാത്രമേ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടാവൂ എന്ന് അധികൃതർ നിർദേശിച്ചു.
മേഖലയിലെ സുരക്ഷാ സാഹചര്യം രൂക്ഷമായതോടെ എയർ ഇന്ത്യ റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 10 വരെ താൽക്കാലികമായി നിർത്തിവെച്ചു. സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും സർവീസുകൾ പുനരാരംഭിക്കുക.
അതേസമയം, റിയാദിലും പരിസര പ്രദേശങ്ങളിലും കഴിയുന്ന ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകി. അത്യാവശ്യ കാര്യങ്ങളില്ലെങ്കിൽ വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്നും പ്രാദേശിക ഭരണകൂടവും എംബസിയും നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.
സൗദിയിലെ എണ്ണ ശുദ്ധീകരണ ശാലകളിൽ ജോലി ചെയ്യുന്നവർക്കും ഹൂതികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉടൻ തന്നെ ശുദ്ധീകരണ ശാലകളിൽനിന്ന് ഒഴിഞ്ഞുപോകണമെന്നാണ് നിർദേശം. സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ തങ്ങളുടെ ലക്ഷ്യങ്ങളാണെന്നും ജീവൻ അപകടത്തിലാക്കരുതെന്നും ഹൂതി വക്താവ് മുന്നറിയിപ്പ് നൽകി.




